ബെംഗളൂരു : തൃശ്ശൂരിൽ നിന്നു വന്ന തീവണ്ടി യാത്രക്കാരിയിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചെന്ന പരാതിയിൽ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ടു പേരെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു.
ചിക്കബെല്ലാപുര റെയിൽവേ പോലീസിലെ ഹെഡ് കോൺസ്റ്റബിൾ സിദ്ധരാമ റെഡ്ഡി (37), സഹായി സബണ്ണ (38) എന്നിവരാണ് അറസ്റ്റിലായത്.
തൃശ്ശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നതിനിടെ തീവണ്ടിയിൽ വെച്ച് 10.02 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടെന്നാണ് 42-കാരി കന്റോൺമെന്റ് പോലീസിൽ നൽകിയ പരാതി.
ഇതേത്തുടർന്ന് പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിനിടെ ഇരുവരും അറസ്റ്റിലാവുകയായിരുന്നു.
പോലീസ് പട്രോളിങ്ങിനിടെ കെ.ആർ. പുരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ സംശയകരമായ സാഹചര്യത്തിൽ സബണ്ണയെ കണ്ടു.
തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തിയതായും സിദ്ധരാമ റെഡ്ഡിക്കും മോഷണത്തിൽ പങ്കുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു.
വിലപിടിപ്പുള്ള വസ്തുക്കളുമായി യാത്രചെയ്യുന്നവരെ കുറിച്ചുള്ളവിവരം സിദ്ധരാമ റെഡ്ഡി സബണ്ണയ്ക്ക് കൈമാറുകയും സബണ്ണ മോഷണംനടത്തുകയും ചെയ്യുന്നതായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു.
മോഷണമുതലുകൾ ഇരുവരും പങ്കിട്ടെടുക്കുകയായിരുന്നു രീതി.
ഇരുവർക്കുമെതിരെ നാലു മോഷണക്കേസുകൾ കൂടി രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചു.
മോഷണക്കേസിൽ ഉൾപ്പെട്ട സിദ്ധരാമ റെഡ്ഡിയെ സസ്പെൻഡ് ചെയ്തു.