ന്യൂഡൽഹി: ഗര്‍ഭനിരോധനമാര്‍ഗങ്ങളിലെ ലിംഗവിവേചനത്തിനു ഇനി വിരാമം. സ്ത്രീകളിൽ മാത്രം ചെയ്തിരുന്ന ഈ രീതി ഇനി പുരുഷന്മാർക്കും സ്വീകരിക്കാം.
ജനസംഖ്യാനിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗത്തിനാണ് ഇന്ത്യയുടെ പുതിയ കണ്ടെത്തൽ.
പുരുഷന്മാര്ക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചാണ് ഇതിനായി മരുന്ന് വികസിപ്പിച്ചത്.
റിവേഴ്സിബിള്‍ ഇന്‍ഹിബിഷന്‍ ഓഫ് സ്പേം അണ്ടര്‍ ഗൈഡന്‍സ് (ആര്.ഐ.എസ്.യു.ജി.) സങ്കേതമുപയോഗിച്ചുള്ള രീതിയാണ് 99 ശതമാനം ഫലപ്രാപ്തി കൈവരിച്ചിരിക്കുന്നത്.
ബീജാണുക്കളുടെ തലയും വാലും പ്രവര്‍ത്തിക്കാതാക്കുന്നതാണ് ഈ രീതി.
മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണവും മികച്ച ഫലം നല്‍കിയതോടെ വാണിജ്യോത്പാദനത്തിനുള്ള നീക്കവും തുടങ്ങി.
25-നും 40-നും മധ്യേ പ്രായമുള്ള 303 ദമ്പതിമാരിലായിരുന്നു പരീക്ഷണം നടത്തിയത്.
വൃഷണത്തില്‍ നിന്ന് ബീജത്തെ പുറത്തേക്കെത്തിക്കുന്ന കുഴലിലാണ് കുത്തിവെപ്പ് നടത്തിയത്.
ന്യൂഡല്‍ഹി, ലുധിയാന, ഖരഗ്പുര്‍, ഉധംപുര്‍, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടുംബാസൂത്രണമാര്‍ഗം സ്വീകരിക്കാനെത്തിയവരില്‍ നിന്നാണ് പരീക്ഷണത്തിനുള്ളവരെ കണ്ടെത്തിയത്.
കുത്തിവെപ്പെടുത്ത് ആറു മാസം കഴിഞ്ഞപ്പോള്‍ ജീവനുള്ള ബീജത്തിന്റെ സാന്നിധ്യമില്ലായ്മ 97.2 ശതമാനവും ഒരു വര്‍ഷത്തിനുശേഷം 97.3 ശതമാനവുമാണ്.
ഒരു വര്‍ഷത്തിനുശേഷം 99.03 ശതമാനത്തിനും ഗര്‍ഭം ധരിപ്പിക്കാനുള്ള ശേഷി ഇല്ലാതായെന്നാണ് ഫലം കാണിക്കുന്നത്.
കുത്തിവെപ്പെടുത്തവര്‍ക്കോ പങ്കാളികള്‍ക്കോ കാര്യമായതും നീണ്ടുനില്ക്കുന്നതുമായ പാര്‍ശ്വഫലങ്ങളുണ്ടായില്ല.
ഡോ. ആര്.എസ്. ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഐ.സി.എം.ആറിലെ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.