ബെംഗളൂരു : കമ്പള മത്സരം ഈ മാസം 24 മുതൽ 26 വരെ പാലസ് ഗ്രൗണ്ടിൽ നടക്കും.
ഇത്തവണ മത്സര ഓട്ടത്തിന് സാക്ഷ്യം വഹിക്കാൻ അഞ്ച് ലക്ഷത്തോളം ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു. അൻപതോളം സംഘടനകൾ ആണ് ഇത് സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി ‘ബെംഗളൂരു കമ്പള നമ്മ കമ്പള’ എന്ന തീം സോങ്ങും സംഘാടകർ പുറത്തിറക്കിയിട്ടുണ്ട്.
പോത്തുകളെ ഉപയോഗിച്ചുള്ള ചെളിക്കളത്തിലെ ഒറ്റമത്സരമാണിത്. ഒരു നുകത്തിൽ കെട്ടിയ രണ്ട് പോത്തുകളും ഒരു ഓട്ടോക്കാരനുമാണ് ഒരു സംഘത്തിലുണ്ടാവുക. നിലവിൽ 150ലധികം പോത്തുകളെയാണ് കമ്പളയ്‌ക്കായി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
സമാന്തരമായുള്ള ട്രാക്കിൽ മറ്റൊരു സംഘവും ഇറങ്ങും. ഇവർ തമ്മിൽ മത്സരമാണ് നടക്കുക. കർഷകർ നെല്ല് വിളവെടുത്ത ശേഷം സംഘടിപ്പിക്കുന്ന ഈ കായിക ഇനം ഇന്ന് സംസ്ഥാനത്തുടനീളം അറിയപ്പെടുന്ന വിനോദമായി മാറി.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ഉത്സവത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചതായി കമ്പള കമ്മിറ്റി അറിയിച്ചു. ബോളിവുഡ് നടി ഐശ്വര്യ റായ്, അനുഷ്‌ക ഷെട്ടി എന്നിവരടക്കം നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കാനായി നഗരത്തിൽ എത്തും.