ന്യൂഡൽഹി : സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ.
ലോകേഷ് കനകരാജിൻറെ പുതിയ ചിത്രമായ ലിയോയിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതുണ്ടായില്ലെന്നായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസംഗത്തിൽ മൻസൂർ അലിഖാന്റെ പരാമർശം.
മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു.
പരാമർശത്തിന് പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി നടി തൃഷ. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നായിരുന്നു തൃഷയുടെ പരാമർശം.
“എന്നെക്കുറിച്ച് മൻസൂർ അലി ഖാൻ മോശവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്‌സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ ഒരു പ്രസ്താവനയാണിത്. അയാൾക്ക് അപമാനിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാൾക്കൊപ്പം സ്‌ക്രീൻ പങ്കിടാത്തതിൽ ഞാൻ കടപ്പെട്ടിരിക്കും. തൃഷ കുറിച്ചു.
ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും തൃഷക്ക് പിന്തുണ നൽകിയിരുന്നു. സഹപ്രവർത്തകന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിരാശനാണെന്നും രോഷം തോന്നിയെന്നും ലോകേഷ് പറഞ്ഞു.എല്ലാ മേഖലയിലും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ടത് ലോകേഷ്. സ്ത്രീകൾ, ഹകലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാകാത്ത ഒന്നായിരിക്കുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം പരാമർശം വിവാദമായതോടെ താൻ പറഞ്ഞത് തമാശയാണെന്നായിരുന്നു മൻസൂർ അലിയുടെ പ്രതികരണം. ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചതാണെന്നും മൻസൂർ അലി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.