ബെംഗളൂരു : വിദ്യാർത്ഥിനിയെ പരസ്യമായി ശിക്ഷിച്ച കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ പോലീസ് കേസെടുത്തു.
ബെംഗളൂരു കെ.ആർ. സർക്കിളിലെ എസ്.ജെ. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ എസ്. മൂർത്തിയുടെ പേരിലാണ് സിദ്ധാപുര പോലീസ് കേസെടുത്തത്.
പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് നടപടി. ജുവനൈൽ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പരാതിക്കാരിയായ പെൺകുട്ടിയും കോളേജിലെ മറ്റൊരു വിദ്യാർത്ഥിനിയും ക്യാമ്പസിൽവെച്ച് വഴക്കിട്ടിരുന്നു.
ഇത് സംബന്ധിച്ച് ഏതാനും വിദ്യാർത്ഥികൾ പരാതി പ്രിൻസിപ്പലിന് നൽകി.
തുടർന്ന് വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ വിളിച്ച് മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് ‘സിറ്റ് അപ്പ്'(വ്യായാമ മുറ) എടുപ്പിച്ച് ശിക്ഷിച്ചു.
ഇതോടെ തൊട്ടടുത്തദിവസം ബന്ധുവിനൊപ്പമെത്തി വിദ്യാർഥിനി പോലീസിൽ പരാതി നൽകി.
വഴക്കിടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ മറ്റുവിദ്യാർത്ഥികൾക്ക് നൽകുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സിദ്ധാപുര പോലീസ് പറഞ്ഞു.