തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത. അഞ്ചുദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മഴ വിട്ടുനിന്ന ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യതയുണ്ട്.
വടക്കൻ ശ്രീലങ്കയ്ക്ക് സമീപപ്രദേശത്തായി ചക്രവാതച്ചുഴി നിലനിൽക്കുകയാണ്.
കർണാടകയിലൂടെ വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്രവരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുകയാണ് ഇതിന്റെ സ്വാധീനത്താൽ അഞ്ചുദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.