അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ നൂറാം വയസില്‍ കന്നിമല ചവിട്ടി വയനാട്ടില്‍ നിന്നൊരു മാളികപ്പുറം ശബരിമല സന്നിധാനത്തെത്തി.
തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ ആദ്യമായി ശബരിമലയിലെത്തിയത്.
കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകൻ്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമായിരുന്നു പാറുക്കുട്ടിയമ്മയുടെ ശബരിമലയാത്ര.
1923-ല്‍ ജനിച്ചെങ്കിലും ശബരിമലയിലെത്തി ദര്‍ശനം നടത്താനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് തന്‍റെ നൂറാം വയസിലാണ്.
ഈ പ്രായത്തിലും അയ്യനെ അതിയായ ആഗ്രഹത്തോടുകൂടിയാണ് വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ കാണാനെത്തിയത് .
മൂന്നാനക്കുഴിയിൽ നിന്നും ഡിസംബർ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്പയിലെത്തിയത്. മൂന്നിന് പമ്പയിലെത്തിയ സംഘം വിശ്രമ ശേഷം നാലിന് രാവിലെയാണ് സന്നിധാനത്തെത്തിയത്.
നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെയാണ് സന്നിധാനത്തെത്തിയത് എന്നും ‘അമ്മ പറയുന്നു .