ചെന്നൈ: മൈചോങ് കൊടുങ്കാറ്റിനെ തുടർന്ന് ചെന്നൈയിൽ പലയിടത്തും മഴവെള്ളത്തിൽ ട്രെയിൻ ട്രാക്കുകൾ മുങ്ങിയത് ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു .
കൊടുങ്കാറ്റിനെ തുടർന്ന് ദക്ഷിണ റെയിൽവേയിലെ 605 മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളുടെ ഗതാഗതത്തെ 4 ദിവസത്തേക്ക് സാരമായി ബാധിച്ചതായി ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിൽ 449 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. കൂടാതെ 51 ട്രെയിനുകൾ പകുതിദൂരം ഓടിക്കുകയോ റദ്ദാക്കുകയോ ചെയ്തു. 40 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കൂടാതെ 60 ട്രെയിനുകളുടെ പുറപ്പെടൽ പോയിന്റുകൾ മാറ്റി.
ഇതുകൂടാതെ ചെന്നൈ സബർബൻ ഇലക്ട്രിക് ട്രെയിനുകളും താൽക്കാലികമായി നിർത്തിവച്ചു. അതേ സമയം ചെന്നൈ ബീച്ചിനും ആരക്കോണത്തിനും ഇടയിൽ പ്രത്യേക പാസഞ്ചർ ട്രെയിനുകൾ ഓടിച്ചു. എക്‌സ്‌പ്രസ് ട്രെയിനുകളും സബർബൻ ഇലക്‌ട്രിക് ട്രെയിൻ സർവീസുകളും റദ്ദാക്കിയതുമൂലം ദക്ഷിണ റെയിൽവേയ്‌ക്ക് 35 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്.