ചെന്നൈ: സതുരഗിരി മലനിരകളിലെ സുന്ദരമഹാലിംഗ ക്ഷേത്രത്തിൽ ദർശനത്തിന് പോയ 22 ഓളം ഭക്തരെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയതിനെ തുടർന്ന് രക്ഷപെടുത്തി.
ഭക്തർ സംഘം കരകവിഞ്ഞൊഴുകുന്ന നദിയിൽ കുടുങ്ങിയതിനെ തുടർന്ന് അഗ്നിശമനസേനയും വനംവകുപ്പും ചേർന്നാണ് താണിപ്പാറയുടെ താഴ്‌വരയിൽ ഭക്തരെ എത്തിച്ചത്.
മലമുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ നൂറിലധികം ഭക്തരാണ് ഇനിയും കുടുങ്ങിക്കിടക്കുന്നത്. അവർ സംസ്ഥാന വനം വകുപ്പിന്റെ സംരക്ഷണയിലാണ് ഇപ്പോളുള്ളത്.
തിരുനെൽവേലി, തൂത്തുക്കുടി തെങ്കാശി ജില്ലകളിലെ കനത്ത മഴയെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ നദികളിലെ ജലനിരപ്പ് തിങ്കളാഴ്‌ചയാണ് കവിഞ്ഞൊഴുകാൻ തുടങ്ങിയത്.
എന്നാൽ പശ്ചിമഘട്ടത്തിലെ സതുരഗിരി സുന്ദരമകലിംഗം സ്വാമി ക്ഷേത്രത്തിന് മാർഗഴി മാസപ്പിറവി പ്രമാണിച്ചാണ് ഞായറാഴ്‌ച ഒരു ദിവസം മാത്രം സ്വാമി ദർശനം നടത്താൻ പ്രത്യേക അനുമതി നൽകിയത്
ഇതിനെത്തുടർന്ന്, 1,500-ലധികം ഭക്തർ മലയോരക്ഷേത്രത്തിലെത്തി ഞായറാഴ്‌ച പുലർച്ചെ മുതൽ സ്വാമിയെ ദർശിച്ചു. മലയോര മേഖലകളിൽ കനത്ത മഴ പെയ്തതിനാൽ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ തോടുകൾ നിറഞ്ഞൊഴുകി.
ഭൂരിഭാഗം ഭക്തരും മലയോര ക്ഷേത്രത്തിൽ നിന്ന് മലയടിവാരത്തേക്ക് മടങ്ങിയപ്പോൾ ഇരുനൂറിലധികം ഭക്തർ മലമുകളിൽ കുടുങ്ങി. ഇവരെയെല്ലാം ക്ഷേത്ര സമുച്ചയത്തിലെ ഹാളിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ മുതൽ മലയോര മേഖലകളിൽ മഴ പെയ്യുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി അരുവി പ്രദേശത്തെത്തി കയർ കെട്ടി മലയോര മേഖലയിൽ കുടുങ്ങിയ 22 ഓളം വരുന്ന ഭക്തരെ സുരക്ഷിതമായി രക്ഷിച്ചു.
അവശേഷിക്കുന്ന ഭക്തരെ ഘട്ടംഘട്ടമായി രക്ഷപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ന് വൈകുന്നേരത്തോടെ മലയോര ക്ഷേത്രത്തിൽ കുടുങ്ങിയ എല്ലാ ഭക്തരെയും സുരക്ഷിതമായി രക്ഷിക്കുമെന്ന് ഫയർഫോഴ്‌സും പോലീസും അറിയിച്ചു.