ലക്‌നൗ: ചായ നല്‍കാന്‍ വൈകിയതിനിന്റെ പേരിൽ ദമ്പതികളുടെ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു.
രാവിലെ ചായ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനമെന്ന് പോലീസ് പറയുന്നു.
ഗാസിയാബാദിലെ ഭോജ്പൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
52കാരനായ ധരംവീര്‍ ആണ് ഭാര്യ സുന്ദരിയെ കൊലപ്പെടുത്തിയത്.
രാവിലെ രണ്ടു തവണ ധരംവീര്‍ ചായ ചോദിച്ചു. ചായ ഉണ്ടാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു സുന്ദരിയുടെ മറുപടി.
ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ കുപിതനായ ധരംവീര്‍ വാള്‍ ഉപയോഗിച്ച് പിന്നില്‍ നിന്ന് സുന്ദരിയെ വെട്ടുകയായിരുന്നു.
സുന്ദരി തത്ക്ഷണം മരിച്ചതായി പോലീസ് പറയുന്നു. രാവിലെ ആറുമണിയോടെയാണ് സംഭവം.
രാവിലെ ആറുമണിയ്ക്ക് എഴുന്നേറ്റ സുന്ദരി അടുക്കളയില്‍ ചായ ഉണ്ടാക്കാന്‍ തുടങ്ങി.
അഞ്ചുമിനിറ്റ് കഴിഞ്ഞാണ് ധരംവീര്‍ എഴുന്നേറ്റത്. ഉടന്‍ തന്നെ ധരംവീര്‍ ചായ ആവശ്യപ്പെട്ടു.
കുറച്ചുമിനിറ്റുകള്‍ക്ക് ശേഷവും പ്രതികരണം ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ചായ ചോദിച്ചു.
എന്നിട്ടും പ്രതികരണം ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് കുപിതനായ ധരംവീര്‍ അടുക്കളയിലേക്ക് പോയി.
അവിടെ വച്ച് ധരംവീര്‍ ഭാര്യയോട് ദേഷ്യപ്പെട്ടു. ചായ ഉണ്ടാക്കാന്‍ ഇനിയും പത്തുമിനിറ്റ് കൂടി വേണമെന്ന് പറഞ്ഞ് ഭാര്യ തൊട്ടടുത്തിരുന്ന പാത്രങ്ങള്‍ തട്ടിയിട്ടു.
ഇതിന് പിന്നാലെയായിരുന്നു പ്രകോപനമെന്നും പോലീസ് പറയുന്നു.
പുറത്തേയ്ക്ക് പോയ ധരംവീര്‍ വാളുമായി തിരിച്ചെത്തി വെട്ടുകയായിരുന്നു.
അമ്മയുടെ കരച്ചില്‍ കേട്ട് കുട്ടികള്‍ ഓടിയെത്തിയെങ്കിലും കുട്ടികളെ വാള്‍ കാണിച്ച് ധരംവീര്‍ ഭയപ്പെടുത്തി.
കുട്ടികളില്‍ ഒരാളാണ് പോലീസിനെ വിവരം അറിയിച്ചത്.
അച്ഛന് എപ്പോഴും ചായ കുടിക്കുന്ന ശീലമുണ്ടെന്ന് മക്കള്‍ പറഞ്ഞതായി പോലീസ് പറയുന്നു.
പലപ്പോഴും ഇതിന്റെ പേരില്‍ ഇരുവരും വഴക്കിടാറുണ്ട്.
എന്നാല്‍ അമ്മയെ മര്‍ദ്ദിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നും മക്കള്‍ മൊഴി നല്‍കിയതായും പോലീസ് പറയുന്നു.
സംഭവത്തില്‍ ധരംവീറിനെ പോലീസ് അറസ്റ്റ് ചെയ്തു.