ചെന്നൈ: 24 മണിക്കൂറിനിടെ നടന്ന മൂന്ന് കൊലപാതകങ്ങൾ നഗരത്തെ ഞെട്ടിച്ചു.
ശനിയാഴ്ച തൊണ്ടിയാർപേട്ടയിൽ ഒരാളെ സുഹൃത്തുക്കൾ തല്ലിക്കൊന്നു.
അന്നുരാത്രി തന്നെ അമ്പത്തൂരിൽ ഒരു സാധാരണ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
കൂടാതെ ഞായറാഴ്ച, ഗുമ്മിഡിപൂണ്ടിൽ ഒരു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയുടെ മൃതദേഹവും പോലീസ് കണ്ടെത്തി.
പൊലീസ് പറയുന്നതനുസരിച്ച്, തൊണ്ടിയാർപേട്ടിലെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന കെ മുത്തുപാണ്ടി (27) തന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാൻ പോയിരുന്നു.
അവർ സംഘം ചേർന്ന് മുത്തുപാണ്ടിയെ കളിയാക്കി. ഇത് മുത്തുപാണ്ടിയെ പ്രകോപിപ്പിക്കുകയും സുഹൃത്തുക്കൾക്കിടയിൽ തർക്കത്തിന് കാരണമാവുകയും ചെയ്തു.
കാര്യങ്ങൾ വഷളാകുകയും ഉടൻ തന്നെ സംഘം പരസ്പരം ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു.
മുത്തുപാണ്ടിയുടെ സുഹൃത്ത് തന്നെ ഇയാളെ മർദ്ദിച്ച് സ്ഥലംവിട്ടു. ഗുരുതരമായി പരിക്കേറ്റ മുത്തുപാണ്ടി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
തുടർന്ന് ചികിൽസയിലിരിക്കെ മുത്തുപാണ്ടി മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ആർകെ നഗർ പൊലീസ് കേസെടുത്ത് കൊലപാതകം നടത്തിയ സുഹൃത്തുക്കളായ എൻ ഷൺമുഖനാഥൻ (28), ഹരിദാസ് (25), അബ്ദുൾ വഹാബ് (23), വി മോഹനസുന്ദരം (21) എന്നിവരെ അറസ്റ്റ് ചെയ്തു.
അമ്പത്തൂരിൽ ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ നിലയിൽ ഒരാളുടെ മൃതദേഹം റോഡരികിൽ നിന്നും കണ്ടെത്തി.
വഴിയാത്രക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസിയായ വിജയകുമാറാണ് കൊല്ലപ്പെട്ടത് എന്നും കണ്ടെത്തി
മദ്യം വാങ്ങാൻ ഭാര്യയുടെ സ്വർണം പണയം വെച്ചതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച രാത്രി ഭാര്യയുമായി വഴക്കിട്ടാണ് വിജയകുമാർ വീടുവിട്ടിറങ്ങിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അമ്പത്തൂരിലെ ടാസ്മാക് ഔട്ട്‌ലെറ്റിലാണ് വിജയകുമാറിനെ അവസാനമായി കണ്ടത്.
മൂന്നാമതായി ഗുമ്മിഡിപൂണ്ടിയിൽ നിരവധി കൊലപാതക കേസുകളിൽ പ്രതിയായിട്ടുള്ള നാഗരാജിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരവധിപേരുമായി വിരോധം ഉണ്ടായിരുന്നതിനാൽ ഇതൊരു പ്രതികാര കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കുറച്ചുനാൾ മുൻപ് നാഗരാജ് ട്രിച്ചിയിലേക്ക് താമസം മാറുകയും അവിടെ താമസിക്കുകയുമായിരുന്നു.
എന്നാൽ മറ്റൊരു കൊലപാതക കേസിന്റെ വിചാരണയിൽ ഹാജരാകാൻ ഗുമ്മിഡിപൂണ്ടിയിൽ എത്തിയപ്പോഴാണ് നാഗരാജിന് വെട്ടേറ്റതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.