ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ വിളവെടുപ്പിലെ ഇടിവ് കാരണം ചെന്നൈയിൽ ഉള്ളിവില കുതിച്ചുയരുന്നു. മൊത്തക്കച്ചവട വിപണിയിൽ ഉള്ളിയുടെ വില കിലോയ്ക്ക് 50 രൂപ കടന്നു.
പ്രതിദിന സ്റ്റോക്കിന്റെ 50 ശതമാനം ഉള്ളി മാത്രമാണ് ചൊവ്വാഴ്ച കോയമ്പേട് മൊത്തവിപണിയിൽ ലഭിച്ചതെന്ന് മൊത്തവ്യാപാരികൾ പറഞ്ഞു.
മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ് സാധാരണയായി വിപണിയിൽ കൂടുതൽ ഉള്ളി സ്റ്റോക്ക് ലഭിക്കുന്നത്. ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം വർധിച്ചതാണ് നഗരത്തിൽ ഉള്ളിയുടെ വില വർധിപ്പിച്ചത്.
അതേസമയം ചില്ലറ വിപണിയിൽ ഉള്ളിയുടെ വില കിലോയ്ക്ക് 62 രൂപയായി ഉയർന്നു. ചുഴലിക്കാറ്റിനുശേഷം വഴുതനങ്ങ, കയ്പക്ക എന്നിവ പോലുള്ള മറ്റ് ചില പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ട്. ഇതിനുമുൻപ് നവംബറിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 100 രൂപയിൽ എത്തിയിരുന്നു.
ഉള്ളിയുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പൊങ്കൽ ഉത്സവത്തിനു ശേഷമേ വില കുറയാൻ സാധ്യതയുള്ളൂവെന്നും കോയമ്പേട് വെജിറ്റബിൾസ് ഫ്രൂട്ട്സ് ആൻഡ് ഫ്ളവേഴ്സ് മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ പി.സുകുമാർ പറഞ്ഞു.