ബെംഗളൂരു: ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ആഡംബര ജെറ്റില്‍ പറന്ന മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്ത്.
വരള്‍ച്ച ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ പോകാനായാണ് സിദ്ധരാമയ്യ ലക്ഷ്വറി ജെറ്റ് എടുത്തത്.
ഇവരുടെ ജെറ്റ് യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ധൂര്‍ത്തിന് ഒരുമുഖമുണ്ടെങ്കില്‍ അത് കര്‍ണാടക സര്‍ക്കാരായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിവൈ വിജയേന്ദ്ര പറഞ്ഞു.
കര്‍ണാടക മുഴുവന്‍ കടുത്ത വരള്‍ച്ചയില്‍ നട്ടം തിരിയുമ്പോള്‍, കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു യാത്ര നടത്താന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.
വരള്‍ച്ച ബാധിച്ച കര്‍ഷകര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ പണമില്ല, എന്നാല്‍ മുഖ്യമന്ത്രിയെ പറത്താനുള്ള എല്ലാ ഫണ്ടുകളും സര്‍ക്കാരിന്റെ കൈയിലുണ്ടെന്നും ബിജെപി നേതാവ് സി ടി രവി പറഞ്ഞു.
ആഡംബരയാത്രയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ നരേന്ദ്രമോദി എങ്ങനെയാണ് യാത്ര ചെയ്യുന്നത്?. ആദ്യം അതുപറയൂ എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
ദയവായി ഈ ചോദ്യങ്ങള്‍ ബിജെപിക്കാരോട് ചോദിക്കൂ. അയാള്‍ തനിച്ചാണ് യാത്ര ചെയ്യുന്നത്.
എന്തുകൊണ്ടാണ് മോദി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്?. ബിജെപി നേതാക്കള്‍ മണ്ടത്തരം പറഞ്ഞുകൊണ്ടെയിരിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.