ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുകളുമായി മൂന്നു മലയാളികളുൾപ്പെടെ ആറുപേർ അറസ്റ്റിൽ.
അഡുഗൊഡി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരായ ഹിരൻ (25), ശ്രേയസ് (24), രാഹുൽ (24) എന്നിവരാണ് പിടിയിലായ മലയാളികൾ.
സേലം സ്വദേശികളായ ലിംഗേഷ് (27), സുരാജ് (24), ഷാറൂഖ് (25) എന്നിവരും പിടിയിലായി.
മൂന്നു വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായതെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നർകോട്ടിക്സ് വിഭാഗം അറിയിച്ചു.
33 ലക്ഷം രൂപയുടെ മയക്കുമരുന്നുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
പരിശോധനയിൽ ഹിരന്റെ താമസസ്ഥലത്തുനിന്ന് 3.1 കിലോ കഞ്ചാവും 20 ഗ്രാം എം.ഡി.എം.എ.യുമാണ് പിടിച്ചെടുത്തത്.
ശ്രേയസും രാഹുലും താമസിച്ചിരുന്ന വാടകവീട്ടിൽനിന്ന് 150 ഗ്രാം എം.ഡി.എം.എ.യും 200 എൽ.എസ്.ഡി. സ്റ്റാമ്പുകളും ഏതാനും ലഹരി ഗുളികകളും പിടിച്ചെടുത്തു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചെറുപാർട്ടികളിൽ വിതരണം ചെയ്യാനുള്ളവയാണ് മയക്കുമരുന്നുകളെന്നാണ് പ്രാഥമിക കണ്ടെത്തൽ.