ചെന്നൈ : പൊങ്കൽ അവധിയോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രത്തിരക്കിൽ അമിതലാഭം നിരക്ക് ഈടാക്കി സ്വകാര്യ ബസ് സർവീസുകൾ. തീവണ്ടികളിൽ ടിക്കറ്റ് തീർന്നതോടെ ബസുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ പ്രധാന ഉത്സവമായതിനാൽ ഏറ്റവും കൂടുതൽ അവധി ലഭിക്കുന്ന അവസരം കൂടിയാണ് പൊങ്കൽ കാലം. വാരാന്ത്യം അടക്കം ഇത്തവണ പൊങ്കലിന് തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും.
സ്കൂളുകൾക്കും കോളേജുകൾക്കും ഈ ദിവസങ്ങളിൽ അവധിയാണ്. അതിനാൽ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളികൾ കുടുംബമായി നാട്ടിൽ പോകുന്നത് തിരക്ക് വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
ചെന്നൈയിൽനിന്ന് എറണാകുളം വരെ 4,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതിനുമുമ്പ് ക്രിസ്മസ്, പുതുവത്സര യാത്രയോട് അനുബന്ധിച്ചും സ്വകാര്യബസുകൾ അമിത നിരക്ക് ഈടാക്കിയിരുന്നു.
സാധാരണ ദിവസങ്ങളിൽ ബസുകളിൽ 2000 രൂപ ഈടാക്കുന്ന സ്ഥാനത്താണ് ഇപ്പോൾ ഇരട്ടി നിരക്ക് നൽകേണ്ടി വരുന്നത്. ഈ മാസം 12, 13 തീയതികളിൽ വൈകീട്ട് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഇത്തവണ പൊങ്കലിന് ഏറ്റവും കൂടുതൽ തിരക്ക്.
ഈ ദിവസങ്ങളിൽ കേരളത്തിേലക്കുള്ള തീവണ്ടികളിൽ സ്ലീപ്പർ ക്ലാസുകളിൽ റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റ് 200 കടന്നു. തേഡ് എ.സി. കംപാർട്ട്‌മെന്റിലെ ബുക്കിങ് വെയറ്റിങ് ലിസ്റ്റ് 50-ന് മുകളിലാണ്.
ചെന്നൈയിൽനിന്ന് എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിലും ടിക്കറ്റ് തീർന്നു. ക്രിസ്മസിന് കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസ് നടത്തിയിരുന്നു.