ബെംഗളൂരു: ഭിന്ന ലിംഗക്കാർ ഒരു കാലത്ത് അനുഭവിച്ചിരുന്ന സാമൂഹികമായ മാറ്റി നിർത്തലുകളെ കുറിച്ച് നമ്മൾ എല്ലാം ബോധവാൻമാരാണ്, എന്നാൽ സാഹചര്യം വളരെയധികം മാറിയിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്, എന്നാൽ ചില സ്ഥലങ്ങളിൽ ഒരു വിഭാഗം ട്രാന്സ് ജെൻഡർ വിഭാഗക്കാർ സൃഷ്ടിക്കുന്നത് ഭീതിജനകമായ സാഹചര്യങ്ങളാണ്, അതു പോലെ ഉള്ള ഒരു സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ് മജസ്റ്റിക്ക് കെംപെ ഗൗഡ ബസ് സ്റ്റാൻ്റിനും മെട്രോ സ്റ്റേഷനും ഇടയിൽ യാത്രക്കാർക്കായുള്ള മേൽപ്പാലം.
മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും കാൽനടയായി മേൽപ്പാലത്തിന് മുകളിലൂടെ യാത്ര ചെയ്യുന്നവരാണ് ഇവരുടെ അതിക്രമത്തിന് ഇരയാകുന്നത്.
ഭിന്ന ലിംഗ വിഭാഗത്തിൽ ഉൾപ്പെട്ട നാലോ അഞ്ചോ പേർ മേൽപ്പാലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നിന്നാണ് യാത്രക്കാരെ തടഞ്ഞു നിർത്തി പണം വാങ്ങുന്നത്, പണം നൽകാൻ തയ്യാറാവാത്തവരുമായി ഇവർ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്.
അതേ സമയം ഇത്തരം അക്രമ സംഭവങ്ങൾ നിയന്ത്രിക്കേണ്ട പോലീസിൻ്റെ ഭാഗത്ത് നിന്ന് പലപ്പോഴും തികച്ചും അശ്രദ്ധമായ നടപടികൾ മാത്രമാണ് കാണുന്നത്.
ചില അപൂർവ ദിവസങ്ങളിൽ മാത്രം ഒരു പോലീസ് കോൺസ്റ്റബിൾ സ്ഥലത്ത് ഉണ്ടാവാറുണ്ടെങ്കിലും പലപ്പോഴും അവരുടെ കണ്ണ് എത്താത്ത സ്ഥലത്ത് പണപ്പിരിവ് നടത്തുന്നതും നമുക്ക് കാണാൻ കഴിയും.
മേൽപ്പാലം ഒഴിവാക്കി റോഡിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുക എന്നത് മാത്രമാണ് അനധികൃത പണപ്പിരിവിൽ നിന്ന് രക്ഷനേടാൻ യാത്രക്കാരുടെ മുന്നിലുള്ള ഏക വഴി.