ചെന്നൈ : രണ്ടുവർഷം മുമ്പ് ബെംഗളൂരു വിമാനത്താവളത്തിൽ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിനെതിരേ നടൻ വിജയ് സേതുപതി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
നടൻ മഹാഗാന്ധിയാണ് വിജയ് സേതുപതിക്കെതിരേ മാനനഷ്ടത്തിന് ചെന്നൈയിലെ സെയ്ദാപേട്ട് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിജയ് സേതുപതി സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
ബെംഗളൂരു വിമാനത്താവളത്തിൽ 2021 നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വിജയ് സേതുപതിയും മഹാഗാന്ധിയും തമ്മിൽ വാക്‌തർക്കമുണ്ടാകുകയായിരുന്നു.
തുടർന്ന് സേതുപതിയുടെ മാനേജർ ജോൺസണും മഹാഗാന്ധിയും തമ്മിൽ കൈയേറ്റവുമുണ്ടായി.
വിജയ് സേതുപതി പരസ്യമായി അപമാനിച്ചെന്നും അദ്ദേഹത്തിന്റെ മാനേജരടക്കമുള്ള സംഘം മർദിച്ചെന്നും ആരോപിച്ച് മഹാ ഗാന്ധി കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ നേരിട്ട് ഹാജരാകാൻ സേതുപതിക്ക് സെയ്ദാപേട്ട് കോടതി സമൻസ് നൽകിയിട്ടുണ്ട്.
നേരത്തേ കേസ് പരിഗണിച്ചപ്പോൾ ഇരുകൂട്ടരും ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ കോടതി നിർദേശിച്ചിരുന്നു.
ചർച്ച വിജയിച്ചില്ലെന്ന് വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിച്ചപ്പോൾ വിജയ് സേതുപതിയുടെ അഭിഭാഷകൻ അറിയിച്ചു.
ജനശ്രദ്ധ നേടാനാണ് മഹാഗാന്ധി മാനനഷ്ടക്കേസിലൂടെ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
ചർച്ചയിലൂടെ പരിഹാരം കാണാനുള്ള നിർദേശം നടപ്പാക്കാൻ സാധിക്കാത്ത സ്ഥിതിയിൽ കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിക്കുകയും ഹർജി തള്ളുകയുമായിരുന്നു.
കേസിനെതിരായ സേതുപതിയുടെ വാദങ്ങൾ വിചാരണക്കോടതിയിൽ ഉന്നയിക്കാമെന്നും വ്യക്തമാക്കി.