ചെന്നൈ: തമിഴ് നടിയും നർത്തകിയുമായ ബിജെപി സാംസ്കാരിക വിഭാഗം മുൻ മേധാവിയുമായ ഗായത്രി രഘുറാം വെള്ളിയാഴ്ച പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ സാന്നിധ്യത്തിൽ എഐഎഡിഎംകെയിൽ ചേർന്നു.
ഒരു വർഷംമുമ്പ് ബി.ജെ.പി.വിട്ട ശേഷമാണ് ഗായത്രി രഘുറാം അണ്ണാ ഡി.എം.കെ.യിൽ ചേർന്നത്.
ഗായത്രി രഘുറാം എട്ടുവർഷത്തോളം ബി.ജെ.പി.യിലായിരുന്നു. പാർട്ടി കലാവിഭാഗത്തിന്റെയും പ്രവാസികളുടെയും ചുമതല വഹിച്ചിരുന്ന അവർ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുമായുള്ള ഭിന്നതയെത്തുടർന്നാണ് പാർട്ടി വിട്ടത്.
തന്നെ വ്യക്തിഹത്യചെയ്യാൻ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള വാർ റൂം ശ്രമിച്ചിരുന്നെന്നും ബി.ജെ.പി.യിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും പാർട്ടിവിട്ടശേഷം ആരോപിച്ചിരുന്നു.
ഒരു മലയാളസിനിമയിലും ഏതാനും തമിഴ്, തെലുങ്ക് സിനിമകളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്ക് ജീവൻ പകർന്ന സംഘടനയാണ് അണ്ണാ ഡി.എം.കെ.യെന്ന് പളനിസ്വാമിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗായത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.