ചെന്നൈ: ബിജെപി സംസ്ഥാന പ്രസിഡണ്ട് അണ്ണാമലൈയുടെ അസഭ്യപ്രയോഗം തമിഴ്നാട്ടിൽ പാർട്ടിയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാനത്ത് നടത്തുന്ന ക്ഷേത്ര ശുചീകരണ പരിപാടിയിൽ പങ്കെടുത്തശേഷം സംസാരിക്കുവെ, ഉദയനിധി സ്റ്റാലിനെക്കുറിച്ചുള്ള പ്രസ്താവനക്കിടയിലാണ് അസഭ്യപ്രയോഗം വന്നത്.
തിരുവൻമിയൂർ കുമാരഗുരു ദാസർ സ്വാമി ക്ഷേത്രത്തിലാണ് അണ്ണാമലൈ ശുചീകരണ പരിപാടി നടത്തിയത്. ക്ഷേത്രത്തിനു മുന്നിൽ വെച്ചായിരുന്നു അസഭ്യപ്രയോഗം നടത്തിയത്.
ഒരു അഭിമുഖത്തിൽ കടുത്ത ചോദ്യങ്ങളൊന്നും ചോദിക്കാതെ ഉയദനിധി സ്റ്റാലിനെ ഒഴിവാക്കിക്കൊടുത്തു എന്ന ആക്ഷേപം ബിജെപിക്കുണ്ട്.
ഇക്കാര്യം അണ്ണാമലൈ തന്റെ പ്രസ്താവനക്കിടയിൽ പറഞ്ഞു. ലൈംഗിക പരാമർശമുള്ള അസഭ്യപ്രയോഗം ഈ പ്രസ്താവനക്കിടയിലാണ് വന്നത്.
വേദനിപ്പിക്കാത്ത ചോദ്യങ്ങൾ ഉന്നയിച്ചു എന്നതായിരുന്നു ഈ പ്രയോഗത്തിന്റെ അർത്ഥം.
ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി ജനങ്ങൾ അംഗീകരിക്കില്ലെന്നും അണ്ണാമലൈ പറഞ്ഞു. അഭിമുഖത്തിലെ ചോദ്യങ്ങളൊന്നും ആത്മാര്‍ത്ഥമായിരുന്നില്ല.
വ്യാജചോദ്യങ്ങളായിരുന്നു അവയെല്ലാം. ഉത്തരങ്ങളും അതുപോലെ വ്യാജമായി.
അടുത്ത നാലു ദിവസങ്ങളിൽ ബിജെപി 5000 ആരാധനാകേന്ദ്രങ്ങളിൽ ശുചീകരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിൽ മുസ്ലിം പള്ളികളും ചർച്ചുകളും ഉൾപ്പെടുമെന്നും അണ്ണാമലൈ പറഞ്ഞു.