ചെന്നൈ: കിലാമ്പാക്കം ബസ് ടെർമിനസിലെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി സർക്കാരും സ്വകാര്യ ബസുടമകളും തമ്മിൽ കലഹിക്കുമ്പോൾ വലഞ്ഞത് യാത്രക്കാർ.
തൈപ്പൂയം, റിപ്പബ്ലിക് ദിനം എന്നിവയും വാരാന്ത്യ അവധിയും ചേർന്നു വന്നതിനാൽ സ്വകാര്യ ബസുകളിൽ ദീർഘദൂര യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആയിരക്കണക്കിന് യാത്രക്കാർക്കാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ നെട്ടോട്ടമോടേണ്ടി വന്നത്.
വ്യാഴം മുതൽ ഞായർ വരെ 4 ദിവസം തുടർച്ചയായി ലഭിച്ച അവധിയുടെ ആനന്ദം ബസുപിടിക്കാനുള്ള അലച്ചിലിൽ ഇല്ലാതായതായാണ് മിക്കവരുടെയും അനുഭവം.
ദീർഘദൂര സർവീസുകൾ നടത്തുന്ന സർക്കാർ ബസുകൾ കഴിഞ്ഞ 30 മുതൽ കിലാമ്പാക്കത്തു നിന്നാണ് പുറപ്പെടുന്നത്.
ബുധനാഴ്ച മുതൽ സ്വകാര്യ ബസുകളും ഇവിടെ നിന്ന് സർവീസ് ആരംഭിക്കണമെന്ന നിർദേശം പാലിക്കാൻ ബസുടമകൾ തയാറാകാത്തതാണ് പ്രതിസന്ധിക്കു കാരണമായത്.
സ്ഥലപരിമിതിയും യാത്രക്കാർക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ എതിർപ്പുമായി രംഗത്തെത്തിയത്.
കർശന നടപടികളുമായി അധികൃതർ രംഗത്തു വന്നതോടെ കോയമ്പേട് സ്വകാര്യ ബസ് സ്റ്റാൻഡിൽ ആകെ ആശയക്കുഴപ്പമായി.