ചെന്നൈ: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഇൻസാറ്റ്-3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം ജിഎസ്എൽവി റോക്കറ്റിൽ അടുത്ത മാസം വിക്ഷേപിക്കും.
ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഉപഗ്രഹം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിലേക്ക് തിരിച്ചു.
ഐ.എസ്.ആർ.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി.യാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക.
കാലാവസ്ഥാ നിരീക്ഷണത്തിനു മാത്രമായി ഭൗമശാസ്ത്ര മന്ത്രാലയത്തിനുവേണ്ടി നിർമിച്ച ഇൻസാറ്റ് 3 ഡി.എസ്. ഇപ്പോൾ ഭ്രമണപഥത്തിലുള്ള ഇൻസാറ്റ് 3ഡി, 3ഡി.ആർ. എന്നീ ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഏറ്റെടുക്കുക.
കാലാവസ്ഥാ നിരീക്ഷണം, വാർത്താവിനിമയം, ടെലിവിഷൻ സംപ്രേഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിച്ച ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (ഇൻസാറ്റ്) ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് ഇൻസാറ്റ് 3 ഡി.എസ്. 1982-ൽ വിക്ഷേപിച്ച ഇൻസാറ്റ് 1 എ ആയിരുന്നു ഈ ശ്രേണിയിലെ ആദ്യത്തേതെങ്കിലും അത് വിജയിച്ചില്ല.
എന്നാൽ, അടുത്തവർഷം വിക്ഷേപിച്ച ഇൻസാറ്റ് 1 ബി പത്തുവർഷം വിജയകരമായി പ്രവർത്തിച്ചു. ഈ ശ്രേണിയിലെ അവസാന ഉപഗ്രഹം ഇൻസാറ്റ് 3 ഡി.ആർ. 2016 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്.