ചെന്നൈ: സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജി മന്ത്രിപദം രാജിവച്ചു.
അറസ്റ്റിനു പിന്നാലെ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു സെന്തിൽ ബാലാജി. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണു രാജി. അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷമാണ് രാജി.
സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കലിനുമാണ് മന്ത്രി വി സെന്തിൽ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്.
2023 ജൂൺ 13നായിരുന്നു അറസ്റ്റ്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്.
പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
2013–14ൽ മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എഞ്ചിനീയർ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്‌തു കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്കെതിരായ കേസ്.
സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു സെന്തിൽ. നിലവിൽ പുഴൽ സെൻട്രൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി.
അടുത്തിടെ, ജാമ്യാപേക്ഷ പരിഗണിക്കവെ, മാസങ്ങളോളം ജയിലിൽ കിടന്നിട്ടും മന്ത്രിയായി സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുന്നതിന്റെ ഔചിത്യത്തെ മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തു.
സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ പോലും ക്രിമിനൽ കേസിൽ 48 മണിക്കൂറിൽ കൂടുതൽ തടവിൽ പാർപ്പിച്ചാൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്ന സാഹചര്യത്തിൽ, ഇത്രയും കാലം തടവിൽ കഴിഞ്ഞിട്ടും എങ്ങനെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചോദിച്ചിരുന്നു.