ചെന്നൈ: തമിഴ്നാട്ടിലെ ആദ്യ ട്രാന്‍സ്- ടിടിഇ ആയി കന്യാകുമാരി സ്വദേശി സിന്ധു ഗണപതി.
വ്യാഴാഴ്ച ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷനിലാണ് സിന്ധു ട്രെയിൻ ടിക്കറ്റ് എക്സാമിനർ ആയി ചുമതലയേറ്റത്.
2003 ലാണ് സിന്ധു ദക്ഷിണ റെയിൽവേയിൽ ജോലിയില്‍ പ്രവേശിച്ചത്.
തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള എറണാകുളത്താണ് ആദ്യം ജോലി ചെയ്തിരുന്നത്.
2009ൽ മധുര ഡിവിഷൻ്റെ കീഴിലുള്ള ഡിണ്ടിഗലിലേക്ക് സിന്ധുവിനെ സ്ഥലം മാറ്റി.
ഒരു അപകടത്തെ തുടർന്ന് സിന്ധുവിൻ്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു.
ഇതേത്തുടർന്ന് ഇലക്ട്രിക്കൽ ഡിപ്പാർട്ട്‌മെന്റിൽ ജോലി തുടരുന്നതും സിന്ധുവിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായി.
ഏതെങ്കിലും നോൺ ടെക്‌നിക്കൽ ജോലി ഏറ്റെടുക്കാമോ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോളാണ് ടിടിഇ ആകാനുള്ള തന്റെ ആഗ്രഹം സിന്ധു തുറന്നു പറഞ്ഞത്.
തമിഴ് സാഹിത്യത്തിൽ ബിരുദധാരിയാണ് സിന്ധു ഗണപതി.
ജീവിതത്തിൽ ഈ നേട്ടങ്ങളിലെല്ലാം സ്വന്തമാക്കാനായത് വിദ്യാഭ്യാസം നേടിയതു കൊണ്ട് മാത്രമാണെന്നാണ് സിന്ധു ഉറച്ച് വിശ്വസിക്കുന്നത്.