ചെന്നൈ: ഇതരസംസ്ഥാനങ്ങളിൽ മെഡിക്കൽ അനുബന്ധ കോഴ്‌സ് കഴിഞ്ഞവർക്ക് കേരളത്തിൽ രജിസ്‌ട്രേഷൻ ലഭിക്കാത്തത് ആയിരങ്ങളെ പ്രതിസന്ധിയിലാക്കി.
നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് നിയമപ്രകാരം കേരളസംസ്ഥാന അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിലാണ് രജിസ്‌ട്രേഷൻ നൽകേണ്ടത്.
കഴിഞ്ഞ ഒക്ടോബറിൽ കൗൺസിൽ രൂപവത്കരിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.
രജിസ്‌ട്രേഷൻ സംബന്ധിച്ച് കേന്ദ്രമാനദണ്ഡങ്ങൾ പുറപ്പെടുവിക്കാത്തതിനാലാണ് പ്രവർത്തനം തുടങ്ങാൻ കഴിയാത്തതെന്നാണ് കൗൺസിലിന്റെ വിശദീകരണം.
ലാബ് ടെക്‌നോളി, റേഡിയോളജി തുടങ്ങിയ മെഡിക്കൽ അനുബന്ധ ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് താത്കാലിക നിയമനങ്ങൾക്ക് വരെ ഇപ്പോൾ കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്.
വിദേശജോലിക്കും സർക്കാർതല രജിസ്‌ട്രേഷൻ വേണം.
കോഴ്‌സുകൾക്ക് നിലവാരം ഉറപ്പാക്കാൻ നേരത്തെ സംസ്ഥാനത്ത് പാരാമെഡിക്കൽ കൗൺസിൽ ആരംഭിച്ചിരുന്നു.
എന്നാൽ, കേരളത്തിൽ പഠനം നടത്തിയവർക്ക് മാത്രമാണ് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നൽകുന്നത്.
ദേശീയതലത്തിൽ നിയന്ത്രണത്തിനായി കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നതോടെയാണ് പാരാമെഡിക്കൽ കൗൺസിലിന് പകരം അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ രൂപവത്കരിക്കാൻ നടപടിയെടുത്തത്.
കൗൺസിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ പി.എസ്.സി. മുഖേനയുള്ള നിയമനങ്ങൾക്കും താത്കാലിക നിയമനങ്ങൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയായിരുന്നു.
സ്വകാര്യസ്ഥാപനങ്ങളും കൗൺസിൽ രജിസ്‌ട്രേഷൻ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിൽ പഠിച്ചവർ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉപയോഗിച്ച് ജോലി നേടും.
എന്നാൽ, പുതുച്ചേരിയിലെ ജിപ്‌മെർ പോലെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കവർക്ക് പോലും രജിസ്‌ട്രേഷനില്ലാത്തതിനാൽ കേരളത്തിൽ ജോലി ലഭിക്കാത്ത സ്ഥിതിയാണ്.
കേരളത്തിൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക്് സീറ്റുകൾ കുറവായതിനാലാണ് കൂടുതൽപേരും പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത്.