ചെന്നൈ: കന്യാകുമാരിയിൽ പള്ളികമ്മിറ്റി അംഗത്തെ പള്ളിമേടയിൽ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന വികാരി റോബിൻസൺ കീഴടങ്ങി.
മൈലോഡ് സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിൽ വെച്ച് വൈദികനും പള്ളിക്കമ്മിറ്റിക്കാരും ഉൾപ്പെടെ 13 പേർ കൂട്ടം ചേർന്നാണ് കൊലപാതകം നടത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് സംഭവം. തിങ്കൾച്ചന്ത മൈലാട് മടത്തുവിള സ്വദേശി സേവിയർ കുമാറിനെ (45) തേപ്പുപ്പെട്ടി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
പള്ളിയിൽ ഫണ്ട് തിരിമറി നടക്കുന്നതായി സേവ്യർ മുൻപ് ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ജോലി ചെയ്തിരുന്ന സേവ്യറിന്റെ ഭാര്യയെ സസ്പെൻഡ് ചെയ്തു.
സേവ്യർ നേരിട്ടെത്തി മാപ്പെഴുതി നൽകിയാലേ സസ്പെൻഷൻ പിൻവലിക്കൂ എന്നായിരുന്നു വികാരിയുടെ നിലപാട്.
തുടർന്ന് സേവ്യർ പള്ളിമേടയിലെത്തുകയും പള്ളിക്കമ്മറ്റി അംഗങ്ങളും വികാരിയും ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ സേവ്യർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു. ഇതിനു പിന്നാലെ വികാരിയും മറ്റു പ്രതികളും ഒളിവിൽ പോവുകയായിരുന്നു.