ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതിയായ ‘വേദനിലയ’ത്തിനുസമീപം പണിത ആഡംബര ബംഗ്ലാവിൽ വി.കെ. ശശികല താമസം തുടങ്ങി.
ജയലളിതയുടെ ജന്മദിനമായ ശനിയാഴ്ചയായിരുന്നു ഗൃഹപ്രവേശം. ജയയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലിയർപ്പിച്ചായിരുന്നു തുടക്കം.
രാഷ്ട്രീയത്തിൽ പിന്തുണയ്ക്കുന്നവരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിലെ അതിഥികൾ.
എല്ലാവർക്കും ഉച്ചഭക്ഷണവും നൽകി. ജനുവരിയിൽ പാലുകാച്ചൽ ചടങ്ങ് നടത്തിയിരുന്നുവെങ്കിലും കയറിത്താമസത്തിനായി ശശികല നിശ്ചയിച്ച ശുഭദിനമായിരുന്നു ജയലളിതയുടെ പിറന്നാൾ.
അനധികൃത സ്വത്തുകേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം ചെന്നൈ ടി.നഗറിൽ ബന്ധു കൃഷ്ണപ്രിയയുടെ വീട്ടിലായിരുന്നു താമസിച്ചത്.
ജയലളിതയുടെ സുരക്ഷാ കമാൻഡോകൾ വാഹനങ്ങൾ നിർത്തിയിടാൻ ഉപയോഗിച്ച മൈതാനമാണ് പിന്നീട് ശ്രീ ഹരിചന്ദന എസ്റ്റേറ്റ്‌സ് എന്നപേരിൽ ശശികല രജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയത്. ഈ സ്ഥലത്താണ് പുതിയ ബംഗ്ലാവ്.
24,000 ചതുരശ്രയടിയാണ് വിസ്തീർണം. രണ്ടുനിലകളിലുള്ള വീടിൽ നൂറിലധികംപേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് മുറിയുൾപ്പെടെ സൗകര്യങ്ങളുണ്ട്. പത്തുകാറുകൾ നിർത്തിയിടാം.
1980മുതൽ 2016 ഡിസംബറിൽ ജയലളിതയുടെ മരണംവരെ ശശികല ജയക്കൊപ്പം നിഴലായുണ്ടായിരുന്നു.
ജയലളിതയുടെ മരണശേഷം 2019-ൽ അന്നത്തെ അണ്ണാ ഡി.എം.കെ. സർക്കാർ വേദനിലയം സ്മാരകമാക്കിമാറ്റാൻ തീരുമാനിച്ചതിനെത്തുടർന്നാണ് ശശികല പുതിയ ഗൃഹനിർമാണം തുടങ്ങിയത്.
2020-ൽ മദ്രാസ് ഹൈക്കോടതി ജയലളിത സ്മാരകത്തിനുള്ള അനുമതി നിഷേധിച്ചു.
ജയയുടെ സഹോദരൻ ജയകുമാറിന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും ബംഗ്ലാവ് കൈമാറാനും ഉത്തരവിട്ടു.