ചെന്നൈ : കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്ന എസ്. വിജയധരണി നിയമസഭാംഗത്വം രാജിവെച്ചു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം.എൽ.എ.യായ വിജയധരണിയുടെ രാജി സ്വീകരിച്ചതായി നിയമസഭാ സ്പീക്കർ എം. അപ്പാവു അറിയിച്ചു.
ശനിയാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്റെയും തമിഴ്‌നാടിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലാണ് വിജയധരണി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.
അതിനു പിന്നാലെ നിയമസഭാംഗത്വം രാജിവെക്കുകയാണെന്ന് കാണിച്ച് അവർ സ്പീക്കർക്ക് ഇമെയിൽ അയയ്ക്കുകയും ചെയ്തു. വിജയധരണിയെ എം.എൽ.എ. സ്ഥാനത്തുനിന്ന് അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സെൽവപെരുന്തുഗൈയും കത്തയച്ചിരുന്നു.
കോൺഗ്രസ് അധ്യക്ഷന്റെ കത്തും വിജയധരണിയുടെ രാജിക്കത്തും കിട്ടിയതായി സ്പീക്കർ പറഞ്ഞു. കത്തയച്ച കാര്യം അവർ ഫോണിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ രാജി സ്വീകരിച്ചതായി അപ്പാവു ഞായറാഴ്ച പറഞ്ഞു.