പാലാർ നദിയിൽ അണക്കെട്ടുമായി ആന്ധ്രയും; തമിഴ്‌നാട്ടിൽ പ്രതിഷേധം; പുതിയ തർക്കം ഉടലെടുത്തത് കർണാടകവുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ

0 0
Read Time:4 Minute, 5 Second

ചെന്നൈ : പാലാർ നദിയിൽ അണക്കെട്ട് നിർമിക്കാനുള്ള ആന്ധ്ര സർക്കാരിന്റെ നീക്കത്തിനെതിരേ തമിഴ്‌നാട് രംഗത്തെത്തി.

ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ നദികളിൽ അണകെട്ടുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്ന് തമിഴ്‌നാട് ജലവിഭവമന്ത്രി ദുരൈമുരുകൻ പറഞ്ഞു.

മേക്കേദാട്ടു അണക്കെട്ടിന്റെ പേരിൽ കർണാടകവുമായി ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് പുതിയ തർക്കം.

തമിഴ്‌നാട്ടിലെ വാണിയമ്പാടിയോടു ചേർന്ന് കുപ്പം മണ്ഡലത്തിൽ 535 കോടി രൂപ ചെലവിൽ പാലാർ നദിയിൽ രണ്ട് ഭീമൻ തടയണകൾ നിർമിക്കുമെന്നാണ് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ സംഭരിക്കുന്ന വെള്ളംകൊണ്ട് 5,000 ഏക്കർ കൃഷിഭൂമിയിൽ വെള്ളമെത്തിക്കാനാണ് പദ്ധതി.

വാണിയമ്പാടിക്കടുത്ത് പില്ലൂരിൽ 11 അടി ഉയരമുള്ള തടയണ ആന്ധ്ര നിർമിച്ചിട്ടുണ്ട്.

പാലാറിൽ ആന്ധ്ര നിർമിച്ച തടയണകൾ മഴയിൽ നിറഞ്ഞുകവിയുമ്പോഴാണ് തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും വെള്ളമെത്തുന്നത്.

പുതിയ അണക്കെട്ടു വരുന്നതോടെ തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പെട്ട്, കാഞ്ചീപുരം മേഖലകളിലെ കൃഷിയിടങ്ങളിൽ വെള്ളം കിട്ടില്ലെന്നാണ് കർഷകരുടെ ആശങ്ക.

ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സമ്മതമില്ലാതെ നദികളിൽ നിർമാണപ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന് 1892-ലെ നദീജല കരാറിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദുരൈമുരുകൻ ചൂണ്ടിക്കാണിച്ചു.

1892-ലെയും 1924-ലെയും കരാറുകൾ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് സുപ്രീംകോടതി 2018-ൽ വ്യക്തമാക്കിയിട്ടുമുണ്ട്.

ചിറ്റൂർ ജില്ലയിലെ ഗണേശപുരത്ത് അണക്കെട്ടു നിർമിക്കാനുള്ള ആന്ധ്രപ്രദേശിന്റെ നീക്കത്തിനെതിരേ തമിഴ്‌നാട് സർക്കാർ കൊടുത്ത കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

പാലാറിലെ തടയണയുടെ ഉയരം കൂട്ടുന്നതിനെ ചോദ്യംചെയ്ത് മറ്റൊരു ഹർജിയും നൽകിയിട്ടുണ്ട്.

ഈ കേസുകൾ നിലനിൽക്കുമ്പോൾ പുതിയ അണക്കെട്ടിന് പണമനുവദിച്ച ആന്ധ്രയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ദുരൈമുരുകൻ ചൂണ്ടിക്കാണിച്ചു.

പാലാറിൽ തടയണ കെട്ടാനുള്ള ആന്ധ്രയുടെ നീക്കത്തിനെതിരേ തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷികൾ രംഗത്തുവന്നിട്ടുണ്ട്.

കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് കോൺഗ്രസ്, എം.ഡി.എം.കെ., പി.എം.കെ. നേതാക്കൾ ആവശ്യപ്പെട്ടു.

കാവേരി നദിക്കു കുറുകെ മേക്കേദാട്ടുവിൽ അണ കെട്ടാനുള്ള കർണാടകത്തിന്റെ നീക്കത്തിലും തമിഴ്‌നാട് പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.

തമിഴ്‌നാടിന്റെ അനുമതിയില്ലാതെ മേക്കേദാട്ടുവിൽ ഒരു കല്ലുപോലും എടുത്തുവെക്കാൻ കർണാടകത്തിന് കഴിയില്ലെന്ന് മന്ത്രി ദുരൈമുരുകൻ നിയമസഭയിൽ പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts