ചെന്നൈ : ശിശുപീഡനക്കേസിലെ അതിജീവിതമാരുടെ കുടുംബം അന്തിയുറങ്ങുന്നത് തെരുവോരത്ത്.
കേസിന്റെയും പോലീസുകാരുടെ പോക്കുവരവിന്റെയും പേരിൽ വീട്ടുടമ ഇറക്കിവിട്ടതോടെയാണ് കൂലിവേലക്കാരായ ദമ്പതിമാരും സഹോദരനും പെരുവഴിയിലായത്.
പ്രായപൂർത്തിയായിട്ടില്ലാത്ത മൂന്നുപെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട കേസിലെ പ്രതി ഏറെനാളുകൾക്കുശേഷം അറസ്റ്റിലായെങ്കിലും അതേസംഭവത്തിലെ അതിജീവിതമാരുടെ കുടുംബം ഗതിയില്ലാതെ അലയുകയാണ്.
തിരുവാൺമിയൂരിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡിലെ നടപ്പാതയിലാണ് ഇരുപതുദിവസമായി അമ്മയും അച്ഛനും ആൺകുട്ടിയും കിടന്നുറങ്ങുന്നത്.
സ്കൂൾ അധികൃതർ ഇടപെട്ട് ശിശുക്ഷേമസമിതിയുടെ അഭയകേന്ദ്രത്തിലാക്കിയില്ലായിരുന്നെങ്കിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളും തെരുവിൽ ഉറങ്ങേണ്ടിവരുമായിരുന്നു.
ചെന്നൈ നഗരസഭയുടെകീഴിലുള്ള സ്കൂളിൽ പഠിക്കുന്ന എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള മൂന്നുപെൺകുട്ടികളാണ് രണ്ടു വർഷത്തിനിടെ പലതവണ പീഡിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ ജനുവരിയിൽ രക്ഷിതാക്കൾ പരാതിനൽകിയിരുന്നെങ്കിലും മാധ്യമങ്ങളിൽ വാർത്ത വന്നതിനുശേഷമാണ് പോലീസ് കേസെടുത്തത്.
പ്രതിയായ ജോൺ യോവാൻ (29) എന്നയാളെ ഫെബ്രുവരി രണ്ടിന് നീലങ്കരൈ പോലീസ് അറസ്റ്റുചെയ്തു. പ്രതി കുറ്റക്കാരനാണെന്ന് പോക്സോകോടതി കണ്ടെത്തുകയും ചെയ്തു.
കേസിന്റെകാര്യങ്ങൾക്കായി പോലീസുകാർ ഇടയ്ക്കിടെ വരുന്നത് ശല്യമാണെന്നു പറഞ്ഞാണ് അതിജീവിതമാരുടെ അമ്മയെയും അച്ഛനെയും മകനെയും വീട്ടുടമ ഇറക്കിവിട്ടത്.
വീട്ടുസാധനങ്ങൾ എടുക്കാൻപോലും അനുവദിക്കാതെയായിരുന്നു ഇത്. പെൺകുട്ടികൾ അപ്പോൾ അഭയകേന്ദ്രത്തിലായിരുന്നു.
വിചാരണ പൂർത്തിയായപ്പോൾ ശിശുക്ഷേമസമിതി അവരെ രക്ഷിതാക്കൾക്കരികിലേക്ക് തിരിച്ചയച്ചു.
കുടുംബംകഴിയുന്നത് തെരുവിലാണെന്ന് മനസ്സിലാക്കിയ സ്കൂൾ അധികൃതർ കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയായിരുന്നു. അവരെ വീണ്ടും അഭയകേന്ദ്രത്തിലെത്തിച്ചു.
വാടക നൽകാത്തതുകൊണ്ടാണ് വീടൊഴിപ്പിച്ചത് എന്നാണ് വീട്ടുടമ പറയുന്നത്.
വാടകക്കുടിശ്ശികയുണ്ടെങ്കിലും അതല്ല, കാരണമായി പറഞ്ഞതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
പോക്സോ കേസിലെ ഇരകളുടെകുടുംബത്തിന് സഹായമെത്തിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കപ്പെടാത്തതാണ് ഇത്തരം സംഭവങ്ങൾക്കു കാരണമാകുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.