ചെന്നൈ : അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിന്റെ സൂത്രധാരനായ സിനിമാ നിർമാതാവ് നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന് പോലീസിന് സംഭാവന നൽകിയത് സി.സി.ടി.വി. കൾ.
സംസ്ഥാന ഡി.ജി.പി. ശങ്കർ ജിവാൾ തന്നെയാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിന്റെ വിവരം വന്നതോടെ സി.സി.ടി.വി. കൾ തിരിച്ചേൽപ്പിച്ചതായി കമ്മിഷണർ പറഞ്ഞു.
ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും മയക്കുമരുന്നു നിർമാണത്തിനു വേണ്ട രാസവസ്തുക്കൾ കടത്തുന്ന ഗുഢസംഘത്തിന് നേതൃത്വം നൽകുന്നത് ഡി.എം.കെ. ചെന്നൈ വെസ്റ്റ് ഡെപ്യൂട്ടി ഓർഗനസൈറായിരുന്ന എ.ആർ. ജാഫർ സാദിഖ് ആണെന്നാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പറയുന്നത്.
സാദിഖിനെ പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെയാണ് അയാൾ നൽകിയ സംഭാവനയുടെ വിവരം ഡി.ജി.പി. വെളിപ്പെടുത്തിയത്.
ചെന്നൈ നഗരത്തിൽ നുങ്കമ്പാക്കം മേഖലയിൽ വെക്കാനുള്ള സി.സി.ടി.വി. കളാണ് സാദിഖ് സംഭാവന ചെയ്തത്.
മറ്റൊരു സ്ഥാപനം വഴിയായിരുന്നു അത്. സി.സി.ടി.വി. വെക്കുന്ന ചടങ്ങിനുശേഷം പോലീസ് മേധാവിക്കൊപ്പം സാദിഖ് ഫോട്ടോ എടുക്കുകയും ചെയ്തു.
സാദിഖ് നൽകിയ സി.സി.ടി.വി. അതു നൽകിയ സ്ഥാപനത്തിന് തിരിച്ചുനൽകിയതായി ഡി.ജി.പി. പറഞ്ഞു.
പകരം പുതിയ സി.സി.ടി.വി. കൾ സ്ഥാപിച്ചു. മയക്കു മരുന്നു നിർമാണത്തിനു വേണ്ട രാസവസ്തുക്കൾ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട്ടിൽനിന്നുള്ള മൂന്നു പേരെയാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ഡൽഹി പോലീസും ചേർന്ന് ന്യൂഡൽഹിയിൽ അറസ്റ്റുചെയ്തത്.
സാദിഖാണ് സംഘത്തലവനെന്നും കഴിഞ്ഞ മൂന്നു വർഷത്തിനിടെ 3,500 കിലോഗ്രാം മയക്കുമരുന്ന് കയറ്റി അയച്ചിട്ടുണ്ടെന്നും ഇവർ ചോദ്യം ചെയ്തപ്പോൾ സമ്മതിച്ചു.
ഇതിന് അന്താരാഷ്ട്ര വിപണിയിൽ 2,000 കോടി രൂപ വില മതിക്കുമെന്നാണ് എൻ.സി.ബി. പറയുന്നത്.