ചെന്നൈ : രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പുതുതായി സർവീസ് തുടങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 12-ന് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടുന്നതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കുമെന്നാണ് അറിയുന്നത്.
ചെന്നൈ-മൈസൂരു പാതയിലെ രണ്ടാം വന്ദേഭാരത് ഉൾപ്പെടെ പുതുതായി പന്ത്രണ്ട് സർവീസുകൾ തുടങ്ങുമെന്നാണ് റെയിൽവേയധികൃതർ പറയുന്നത്.
ബെംഗളുരു-കലബുറഗി, അഹമ്മദാബാദ്-മുംബൈ സെൻട്രൽ രണ്ടാംസർവീസ്, മുംബൈ സി.എസ്.ടി. -കോലാപ്പുർ, ലഖ്നൗ-ദെഹ്റാദൂൺ, ഡൽഹി-ഖജുരാഹോ, ന്യൂ ജൽപായ്ഗുഡി-പട്ന, പട്ന-ലഖ്നൗ (അയോധ്യ വഴി), പുണെ-വഡോദര, പുരി-വിശാഖപട്ടണം, സെക്കന്തരാബാദ്-വിശാഖപട്ടണം രണ്ടാം സർവീസ്, റാഞ്ചി-വാരാണസി, എന്നിവയാണ് പരിഗണനയിലുള്ള റൂട്ടുകൾ.
ഐ.സി.എഫിൽനിന്ന് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വന്ദേഭാരത് റെയ്ക്കുകളിൽ ഒന്ന് എറണാകുളം-ബെംഗളൂരു പാതയിൽ സർവീസ് നടത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പ്രഖ്യാപനം വൈകും.
പരീക്ഷണ ഓട്ടത്തിനായി കൊച്ചുവേളിയിലെത്തിച്ച ഈ റെയ്ക്കാണ് ചെന്നൈ-മൈസുരു രണ്ടാം വന്ദേഭാരതിന് ഉപയോഗിക്കുക.
എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസിനുള്ള തയ്യാറെടുപ്പുകൾ റെയിൽവേ തുടരുന്നുണ്ട്. അധികം വൈകാതെ ഇത് യാഥാർഥ്യമാവുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.