ചെന്നൈ : ലോക്സഭാതിരഞ്ഞെടുപ്പിലൂടെ തമിഴ്നാട്ടിൽ ബി.ജെ.പി.യുടെ കരുത്തുതെളിയിക്കാൻ തുടർച്ചയായ സന്ദർശനങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
15-ന് സേലത്ത് അദ്ദേഹം വീണ്ടും പ്രചാരണത്തിനായെത്തും. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നാംതവണയാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്.
ഈ വരവിൽ സേലത്തെയും കന്യാകുമാരിയിലെയും കോയമ്പത്തൂരിലെയും പൊതുയോഗം അദ്ദേഹം പ്രചാരണപരിപാടിയാക്കും.
കോയമ്പത്തൂർ, ഈറോഡ്, സേലം, നാമക്കൽ, കരൂർ മണ്ഡലങ്ങളിലെ വോട്ടർമാരെ അഭിസംബോധനചെയ്യുന്നതിലൂടെ കൊങ്കുനാടുമേഖലയിലെ വോട്ടർമാരെ ആകർഷിക്കാനാണ് തീരുമാനം.
ഒരു ലക്ഷത്തിലധികം പ്രവർത്തകരെ യോഗത്തിൽ അണിനിരത്താനുള്ള ശ്രമമാണ് നടക്കുന്നത്.
16-ന് കന്യാകുമാരിയിൽ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതും വ്യക്തമായ ലക്ഷ്യത്തോടെയാണ്.
കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, തെങ്കാശി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ യോഗത്തിൽ പരിചയപ്പെടുത്തും.
കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ കന്യാകുമാരിയിൽനിന്നാണ് പ്രധാനമന്ത്രി പ്രചാരണയോഗങ്ങൾ ആരംഭിച്ചിരുന്നത്.
18-ന് കോയമ്പത്തൂരിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും.