ചെന്നൈ : നഗരത്തിലെ ബസുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽബസുകൾ ഓടിക്കണമെന്ന് പി.എം.കെ. നേതാവ് ഡോ. എസ്. രാമദാസ് ആവശ്യപ്പെട്ടു.
ചെങ്കൽപ്പെട്ടിൽനിന്ന് മധുരാന്തകത്തിലേക്ക് പോകുകയായിരുന്ന ബസിന്റെ വാതിൽപ്പടിയിൽ നിന്നാണ് നാല് വിദ്യാർഥികൾ കഴിഞ്ഞദിവസം തെറിച്ചുവീണ് ലോറികയറി മരിച്ചത്.
ഈ റൂട്ടിൽ ആവശ്യത്തിന് ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നെന്ന് രാമദാസ് പറഞ്ഞു.
ചെന്നൈ മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷ(എം.ടി.സി.)ന്റെ കീഴിൽ 3233 ബസുകളാണ് സർവീസ് നടത്തിക്കൊണ്ടിരുന്നത്.
പല ബസുകൾക്കും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കട്ടപ്പുറത്തായി.
ഇപ്പോൾ 2700 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്ന് രാമദാസ് കുറ്റപ്പെടുത്തി.
നഗരത്തിലേക്ക് ജനങ്ങളുടെ കുടിയേറ്റം വർധിച്ചുവരുന്ന സാഹചര്യത്തിൽ 7000 എം.ടി.സി. ബസുകൾ ഓടിച്ചാൽമാത്രമേ എല്ലാവർക്കും സുഗമമായ യാത്ര സാധ്യമാകുകയുള്ളൂ.
ചെന്നൈയുടെ നഗര പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുകയാണ്.
ഈ പ്രദേശങ്ങളിലൂടെ നാമമാത്രമായ ബസുകളാണ് സർവീസ് നടത്തുന്നത്. കൂടുതൽ സർവീസുകൾ ഓടിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.
പുതിയ ബസ് റൂട്ടുകൾ ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 21,000 ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 18,000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.