ചെന്നൈ : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈ ബീച്ച്-താംബരം- ചെങ്കൽപ്പെട്ട് റൂട്ടിൽ ഞായറാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെ സബർബൻതീവണ്ടികൾ തടസ്സപ്പെടും.
കോടമ്പാക്കത്തിനും താംബരത്തിനുമിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 44 സബർബൻ തീവണ്ടി സർവീസുകളാണ് ചെന്നൈ റെയിൽവേഡിവിഷൻ റദ്ദാക്കിയത്.
തുടർച്ചയായി അഞ്ചാമത്തെ ഞായറാഴ്ചയാണ് സബർബൻ തീവണ്ടികൾ അറ്റകുറ്റപ്പണികൾക്കായി റദ്ദാക്കുന്നത്.
മതിയായ സമാന്തര സർവിസുകളില്ലാത്ത റൂട്ടാണ് ചെന്നൈ ബീച്ച്- താംബരം-ചെങ്കൽപ്പെട്ട്.
ദിവസവും ആറ്ു ലക്ഷത്തിലധികം പേർ യാത്ര ചെയ്യുന്ന റൂട്ടിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഞായറാഴ്ചകളിൽ ഏറെസമയം സബർബൻ തീവണ്ടികൾ റദ്ദാക്കുന്നത് സാധാരണകാരെ പ്രതികൂലമായി ബാധിക്കും.
ട്രാക്കുകളിലെയും യാർഡുകളിലെയും അറ്റകുറ്റപ്പണികൾക്കായാണ് സർവീസ് റദ്ദാക്കുന്നതെന്നാണ് കഴിഞ്ഞ ഞായറാഴ്ചകളിൽ പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച ചെന്നൈ റെയിൽവേഡിവിഷൻ ഇറക്കിയ പത്രക്കുറിപ്പിൽ എൻജിനിയറിങ് പണികൾ നടക്കുന്നതിനാൽ സർവീസുകൾ റദ്ദാക്കുന്നുവെന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ഈ പാതയിലെ പലറെയിൽവേ സ്റ്റേഷനുകളിലും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അവ റെയിൽവേഗതാഗതത്തെ ബാധിക്കുന്നവയല്ല.
ഞായറാഴ്ചകളിൽ സബർബൻതീവണ്ടികൾ റദ്ദാക്കുമ്പോൾ കൃത്യമായകാരണം യാത്രക്കാരെ അറിയിക്കാനുള്ള ബാധ്യതകൂടി റെയിൽവേക്കുണ്ട്. കഴിഞ്ഞഞായറാഴ്ചകളിൽ സബർബൻ തീവണ്ടികൾ റദ്ദാക്കിയപ്പോൾ 150 എം.ടി.സി. ബസുകൾ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നു.
കൂടാതെ ചെന്നൈ വിമാനത്താവളം-വിംകോ നഗർ റൂട്ടിൽ കൂടുതൽ മെട്രോ തീവണ്ടികളും സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. ഇത്തവണ ഈ അറിയിപ്പുകളും പുറത്തുവന്നിട്ടില്ല.