മന്ത്രിയാക്കാൻ വിസമ്മതിച്ച ഗവർണറുടെ നടപടി; പൊൻമുടിയുടെ സത്യപ്രതിജ്ഞ: തമിഴ്നാട് സുപ്രീംകോടതിയിൽ

0 0
Read Time:2 Minute, 42 Second

ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ ശിക്ഷയിൽ സ്റ്റേ നേടിയ മുതിർന്ന ഡി.എം.കെ. നേതാവ് കെ. പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ വിസമ്മതിച്ച ഗവർണറുടെ നടപടിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ.

പൊൻമുടിക്ക് പദവി നൽകാനുള്ള മന്ത്രിസഭയുടെ ആവശ്യം നിരസിച്ച ഗവർണർ, സമാന്തരസർക്കാരോ ഭരണാധിപത്യമോ നടത്താനാണ് ശ്രമിക്കുന്നതെന്നും സത്യവാചകം ചൊല്ലിക്കൊടുക്കാൻ അദ്ദേഹത്തോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനമന്ത്രിയെ നിയമിക്കുന്നതിൽ ഗവർണർക്ക് വ്യക്തിപരമായ വിവേചനാധികാരമില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 164 (1) പ്രകാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ശുപാർശ പാലിക്കേണ്ടതുണ്ടെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ഹർജിയിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ചൊവ്വാഴ്ച വാദംകേൾക്കും.

അനധികൃത സ്വത്തുകേസിൽ പൊൻമുടിക്കും ഭാര്യ വിശാലാക്ഷിക്കും മദ്രാസ് ഹൈക്കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചിരുന്നു.

പിന്നാലെ പൊൻമുടിയെ എം.എൽ.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും മന്ത്രിപദവി നഷ്ടപ്പെടുകയുംചെയ്തു.

ഇതിനെതിരേ അവർ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ 11-നാണ് ഹൈക്കോടതിവിധി സ്റ്റേചെയ്യാൻ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്.

തുടർന്ന്, പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ നിയമസഭാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗവർണർക്ക് ശുപാർശയും നൽകി.

എന്നാൽ, മറുപടിനൽകാതെ ഗവർണർ നാലുദിവസത്തെ സന്ദർശനത്തിനായി ഡൽഹിക്കു തിരിച്ചു.

ശനിയാഴ്ച തിരിച്ചെത്തിയശേഷമാണ് പൊൻമുടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള വിസമ്മതമറിയിച്ചത്.

ശിക്ഷ നടപ്പാക്കുന്നതുമാത്രമാണ് സുപ്രീംകോടതി തടഞ്ഞതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ നടപടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts