ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ രണ്ടുസീറ്റുകളിൽ സി.പി.ഐ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
തിരുപ്പൂരിൽ കെ. സുബ്ബരായനും നാഗപട്ടണത്ത് വൈ. സെൽവരാജും മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ആർ. മുത്തരസൻ അറിയിച്ചു.
രണ്ടുദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയോഗത്തിനു ശേഷമാണ് സി.പി.ഐ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
സി.പി.ഐ. സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനാർഥികളായി ഏഴുപേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. സുബ്ബരായൻ തിരുപ്പൂരിലെ സിറ്റിങ് എം.പി.യാണ്.
നാഗപട്ടണത്ത് നിലവിലെ എം.പി കെ. സെൽവരാജിനുപകരമാണ് വൈ. സെൽവരാജ് മത്സരിക്കുന്നത്. കെ. സെൽവരാജിനെതന്നെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ശക്തമായ എതിർപ്പ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു.
ഒടുവിൽ നടത്തിയ ചർച്ചകളിൽ വൈ. സെൽവരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സി.പി.എം. വെള്ളിയാഴ്ചതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.