ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടയിൽ ഷോക്കേറ്റു മരിച്ചത് 40 വൈദ്യുതി വകുപ്പു ജീവനക്കാർ. മൂന്ന് വർഷത്തിനിടെ വൈദ്യുതി അപകടങ്ങളിൽ എട്ടുമുതൽ പത്തു ശതമാനം വരെയാണ് വർധനയുണ്ടായത്.
ഒമ്പത് മാസത്തിനുള്ളിൽ ഷോക്കേറ്റ് 527 പേരുടെ ജീവൻ പൊലിഞ്ഞതിൽ 40 വൈദ്യുതി വകുപ്പു ജിവനക്കാരാണെന്ന് വൈദ്യുതിവകുപ്പു പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
വൈദ്യുതിവകുപ്പ് ജീവനക്കാർ മരിക്കാനിടയാകുന്നതിൽ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് പലർക്കും വേണ്ടത്ര പരിശീലനം ലഭിക്കാത്തിനാൽ അപകടത്തിൽപ്പെടുന്നതാണ്.
മറ്റൊരു കാരണമായി പറയുന്നത് അമിത ജോലി ഭാരമാണ്.
വൈദ്യുതി വകുപ്പിൽ ആവശ്യത്തിനുള്ള ജീവനക്കാർ ഇല്ലാത്തതിനാൽ പലർക്കും അമിത ജോലി ചെയ്യേണ്ടി വരുന്നു. ഇതു മൂലമുണ്ടാകുന്ന മാനസിക പിരിമുറക്കം അശ്രദ്ധയുണ്ടാക്കുകയും അപകടത്തിലേക്കു നയിക്കുകയും ചെയ്യുന്നതായും പറയുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാട്ടുന്ന അനാസ്ഥയും ജോലിസമയത്ത് ശരിയായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ വീഴ്ചയും ജീവനക്കാർ ഷേക്കേറ്റു മരിക്കാൻ ഇടയാക്കുന്നുണ്ട്.
പൊതുജനങ്ങളിൽ പലരും അശ്രദ്ധ കൊണ്ടാണ് ഷേക്കേറ്റ് മരിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.
2021-2022 കാലയളവിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 978 വൈദ്യുതി അപകടങ്ങളിൽ 741 മരണമുണ്ടായി.
2022-2023ൽ ഇതേ കാലയളവിൽ 1,065 അപകടങ്ങളിൽ 809 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും വൈദ്യുതിവകുപ്പ് അറിയിച്ചു.