ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ചെന്നൈയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും.
ഡ്രോണുകൾ പറത്തുന്നതിന് നിരോധനമേർപ്പെടുത്തും.
ഒമ്പതിനാണ് മോദി തമിഴ്നാട്ടിലെത്തുന്നത്.
വൈകീട്ട് നാലിന് വെല്ലൂരിലും തുടർന്ന് ചെന്നൈയിലെത്തിയും അദ്ദേഹം റോഡ് ഷോയിൽ പങ്കെടുക്കും.
റോഡ്ഷോ നടക്കുന്ന ടി. നഗർ പനങ്കൽ പാർക്ക് മുതൽ തേനാംപേട്ട സിഗ്നൽ വരെ ശക്തമായ സുരക്ഷയൊരുക്കും.
15,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിപ്പിക്കുക. ലോഡ്ജുകളിലും ഹോസ്റ്റലുകളിലും പരിശോധന നടത്തുന്നുണ്ട്.
സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണർ സന്ദീപ് റോയ് റാത്തോഡിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച യോഗം ചേർന്നു.
പത്തിന് രാവിലെ 11-ന് നീലഗിരിയിലും വൈകീട്ട് കോയമ്പത്തൂരിലുംനടക്കുന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.
13-നും 14 -നും വീണ്ടും മോദി പ്രചാരണത്തിനായി തമിഴ്നാട്ടിലെത്തും. ഈ വർഷം പ്രധാനമന്ത്രി അഞ്ചുതവണ തമിഴ്നാട്ടിലെത്തി.
തിരുപ്പൂർ, തിരുനൽവേലി, കന്യാകുമാരി, ചെന്നൈ, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിലായിരുന്നു സന്ദർശനം.