Read Time:1 Minute, 24 Second
ചെന്നൈ : മുൻമുഖ്യമന്ത്രി ഒ. പനീർശെൽവത്തെ അടിമുടി പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ്. രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന പനീർശെൽവം പ്രചാരണത്തിനായി കാറിൽ പോകുന്നതിനിടെയാണ് തടഞ്ഞു നിർത്തിയത്.
കാറിൽ വിശദമായി പരിശോധന നടത്തിയതിനൊപ്പം പനീർശെൽവത്തിന്റെ പഴ്സ് വരെ വാങ്ങി പരിശോധിച്ചു.
അരമണിക്കൂറോളംനീണ്ട പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
പഴ്സ് വരെ തുറന്നുപരിശോധിച്ചത് തെറ്റായ നടപടിയാണെന്ന് പനീർശെൽവം പക്ഷം ആരോപിച്ചു.
പരിശോധനയ്ക്ക് ഒരിക്കലും എതിരല്ലെന്നും എന്നാൽ, പരിശോധനയുടെപേരിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം.
മുൻമുഖ്യമന്ത്രി എന്ന പരിഗണന നൽകിയില്ലെന്നും ഇവർ പറഞ്ഞു. ഈ വിഷയത്തിൽ പനീർശെൽവം പ്രതികരിച്ചില്ല.
കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി ഇ.വി. വേലുവിനെയും കാർ തടഞ്ഞുനിർത്തി വിശദമായി പരിശോധിച്ചിരുന്നു.