ചെന്നൈ : തമിഴ്‌നാട്ടിലെ 11 ജില്ലകളിൽ രാമനവമി യാത്രയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നിഷേധിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ക്രമസമാധാനപ്രശ്നത്തിനിടയാക്കുമെന്ന് വ്യക്തമാക്കിയാണ് യാത്ര കടന്നുപോകുന്ന ജില്ലകളിൽ ഹൈക്കോടതി അനുമതി നിഷേധിച്ചത്.
ശ്രീ ആഞ്ജനേയം എൻഡോവ്‌മെന്റ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
നേരത്തേ യാത്രയ്ക്ക് അനുമതിചോദിച്ച് ട്രസ്റ്റ് തമിഴ്നാട് സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
മലപ്പുറത്തുനിന്ന് 12-നാണ് യാത്ര തുടങ്ങുന്നത്. തമിഴ്നാട്ടിലെ നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, ദിണ്ടിഗൽ, മധുര ഉൾപ്പെടെ 11 ജില്ലകളിലൂടെ കടന്നുപോയി 17-നാണ് യാത്ര കന്യാകുമാരിയിൽ അവസാനിക്കേണ്ടത്.
കന്യാകുമാരി ജില്ലയിൽ രാമനവമി യാത്രയുടെ സമാപനത്തിന് അനുമതി നൽകിക്കൂടേയെന്ന ഹർജിക്കാരന്റെ ആവശ്യത്തിന് രണ്ടുദിവസത്തിനകം മറുപടിനൽകാൻ സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.