ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നഗരവാസികൾ സംസ്ഥാനത്തെ സ്വന്തം ജില്ലകളിലേക്ക് കൂട്ടമായി തിരിച്ചതോടെ വൻ യാത്രത്തിരക്ക്. ബുധനാഴ്ച രാത്രിയിൽ തുടങ്ങിയ തിരക്ക് വ്യാഴാഴ്ചയും തുടർന്നു. ന
ഗരാതിർത്തിയിലെ ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ വലിയനിരയാണ് കാണപ്പെട്ടത്. സ്വകാര്യവാഹനങ്ങൾ കൂടാതെ ബസുകളിലും തീവണ്ടികളിലും തിരക്ക് ദൃശ്യമായി.
ജോലിക്കും ഉപരിപഠനത്തിനുമായി ചെന്നൈയിൽ താമസമാക്കിയ തമിഴ്‌നാടിന്റെ മറ്റ് ജില്ലകളിൽനിന്നുള്ളവരിൽ മിക്കവരുടെയും വോട്ട് സ്വന്തംനാട്ടിൽത്തന്നെയാണ്.
ഇത്തവണ വോട്ടെടുപ്പ് വാരാന്ത്യത്തിലായതിനാൽ നാട് സന്ദർശിക്കാനുള്ള അവസരമായിക്കൂടി കണ്ടാണ് പലരും യാത്രപുറപ്പെട്ടത്.
ചെന്നൈയിലെ പോളിങ് ബൂത്തുകളിൽ മിക്കതും സ്കൂളുകളിലും കോളേജുകളിലുമാണ്. ബൂത്ത് ഒരുക്കേണ്ട ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
ഇതോടെ ബുധനാഴ്ച വൈകീട്ട് തന്നെ ചെന്നൈയിൽനിന്ന് തെക്കൻജില്ലകളിലേക്കടക്കം യാത്രത്തിരക്ക് രൂക്ഷമായി.
ചെന്നൈയിൽ താംബരം മുതൽ നഗരാതിർത്തിയിൽ ഏറെ നേരം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു. മണിക്കൂറുകളെടുത്താണ് വാഹനങ്ങൾ നഗരാതിർത്തി കടന്നത്.
ഗതാഗതം നിയന്ത്രിക്കാൻ പോലീസും പണിപ്പെട്ടു. തീവണ്ടി തത്കാൽ ടിക്കറ്റുകൾ അതിവേഗം വിറ്റു തീർന്നു.
തുടർന്ന് പ്രത്യേകതീവണ്ടികൾ പ്രഖ്യാപിച്ചുവെങ്കിലും അറിയിപ്പ് വൈകിയതിനാൽ പലർക്കും പ്രയോജനമായില്ല.
എന്നിട്ടും ഈ തീവണ്ടികളിലെ ടിക്കറ്റ് റിസർവേഷനുകൾ അതിവേഗം പുരോഗമിച്ചു. യാത്രത്തിരക്കിനെത്തുടർന്ന് വിമാനനിരക്കും ഉയർന്നു.
ചെന്നൈയിൽനിന്ന് കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, സേലം എന്നിവടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് മൂന്ന് മടങ്ങായി ഉയർന്നത്.
തൂത്തുക്കുടിയിലേക്ക് സാധാരണ ദിവസങ്ങളിൽ 4000 രൂപയിൽ താഴെയായിരുന്നു നിരക്കെങ്കിൽ നിലവിൽ 13000 രൂപ വരെയായി വർധിച്ചു.
മധുരയിലേക്ക് 3500 രൂപയിൽ നിന്ന് 12000 രൂപയായും. കോയമ്പത്തൂരിലേക്ക് 3500 രൂപയിൽനിന്ന് 8500 രൂപയായും തിരുച്ചിറപ്പള്ളിയിലേക്ക് 2500 രൂപയിൽനിന്ന് 8500 രൂപയായും സേലത്തിലേക്ക് 2500 രൂപയിൽ നിന്ന് 5500 രൂപയായുമാണ് നിരക്കുയർന്നത്.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി 10,000 പ്രത്യേക ബസ് സർവീസുകൾ നടത്തിയിരുന്നു.
ഇവയിലടക്കം കഴിഞ്ഞ ഒരുദിവസം മാത്രം 1.48 ലക്ഷംമപേരാണ് യാത്രചെയ്തത്.