ചെന്നൈ : ഇലക്‌ട്രോണിക് വോട്ടെടുപ്പ് യന്ത്ര(ഇ.വി.എം.)ത്തിന്റെ തകരാർമൂലം പലയിടങ്ങളിലും പോളിങ് തുടങ്ങാൻ വൈകി.
ചിലയിടങ്ങളിൽ പോളിങ് തുടങ്ങിയതിനുശേഷവും ഏതാനും മണിക്കൂർ പോളിങ് മുടങ്ങി.
സൗത്ത് ചെന്നൈ മണ്ഡലത്തിലെ ടി.നഗറിലെ ശ്രീരാമകൃഷ്ണ മിഷൻ സ്കൂളിൽ രാവിലെ ഏഴിന് പോളിങ് തുടങ്ങിയശേഷം തന്ത്രത്തകരാർ മൂലം 7.30-മുതൽ 8.30-വരെ പോളിങ് മുടങ്ങി.
ഇതുപോലെ അരിയല്ലൂർ ജില്ലയിൽ കീഴയൂർ പോളിങ് കേന്ദ്രത്തിൽ രണ്ട് വോട്ടെടുപ്പ് യന്ത്രത്തിന് തകരാറുണ്ടായി. ഏഴ് മുതൽ ഏഴരവരെ വോട്ടെടുപ്പ് മുടങ്ങി.
തിരുപ്പുർ, മധുര എന്നീ ജില്ലകളിലെ ചില പോളിങ് കേന്ദ്രങ്ങളിലും വോട്ടെടുപ്പ് മുടങ്ങി. കോയമ്പത്തൂരിൽ സൂളൂർ, പോത്തന്നൂർ പോളിങ് ബൂത്തുകളിലും യന്ത്രത്തകരാർ മൂലം പോളിങ് താമസിച്ചു.
രണ്ടിടത്തും പോളിങ് ആരംഭിച്ചതിനുശേഷമാണ് യന്ത്രം കേടായത്. പൊള്ളാച്ചി ലോക്‌സഭാ മണ്ഡലത്തിൽ ഈച്ചനാരി പോളിങ് ബൂത്തിലും പോളിങ് മുടങ്ങി.