ചെന്നൈ : വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തുന്നവരെ മദ്യം മണത്താൽ നിർബന്ധമായും ആൽക്കഹോൾ പരിശോധന നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികൾക്ക് ഇതുസംബന്ധിച്ച് സർക്കാർ നിർദേശം നൽകണമെന്നും കോടതി ഉത്തരവിട്ടു.
മദ്യപിച്ചിരുന്നെന്ന കാരണത്താൽ വാഹനാപകടത്തിനുള്ള നഷ്ടപരിഹാരത്തുക കുറച്ചതിനെതിരേ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേശാണ് ഉത്തരവിട്ടത്.
ഹർജിക്കാരനുള്ള നഷ്ടപരിഹാരത്തുക ഉയർത്താനും കോടതി ഉത്തരവിട്ടു.
എട്ടുവർഷംമുമ്പ് പെരമ്പല്ലൂരിൽനടന്ന വാഹനാപകടമായിരുന്നു ഹർജിക്ക് അടിസ്ഥാനം. വേഗത്തിൽ പോയ്‌ക്കൊണ്ടിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് പിന്നാലെവന്ന ഇരുചക്രവാഹനം അതിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരനായ പെരമ്പല്ലൂർ സ്വദേശി രമേഷ് വാഹനാപകട തർക്കപരിഹാര ട്രിബ്യൂണലിനെ സമീപിച്ചു.
3,07,904 രൂപ നഷ്ടപരിഹാരം വിധിച്ച ട്രിബ്യൂണൽ ഇയാളെ മദ്യം മണത്തിരുന്നെന്ന ഡോക്ടറുടെ മൊഴിയുടെ പേരിൽ ഇത് പകുതിയായി കുറച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
മദ്യപിക്കുന്നത് കുറ്റമല്ലെന്നും സംസ്ഥാനത്ത് മദ്യവിൽപ്പന നടത്തുന്നത് സർക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യം മണത്തതിന്റെപേരിൽ നഷ്ടപരിഹാരം കുറയ്ക്കാൻ സാധിക്കില്ല.
രക്തത്തിൽ മദ്യത്തിന്റെ അളവ് നിന്ത്രണാതീതമായിരുന്നു എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി.
തുടർന്ന് വാഹനാപകടങ്ങളിൽ പരിക്കേറ്റ് വരുന്നവരെ മദ്യം മണത്താൽ ആൽക്കഹോൾ പരിശോധന നിർബന്ധമാക്കണമെന്ന് ഉത്തരവിടുകയായിരുന്നു.
ഹർജിക്കാരന് ഇൻഷുറൻസ് കമ്പനി 3,53,904 രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു.