ചെന്നൈ : കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ വോട്ടർപ്പട്ടികയിൽ നിന്ന് നീക്കപ്പെട്ടവർക്കുവേണ്ടി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി.
ഓസ്‌ട്രേലിയയിൽ ജോലിചെയ്യുന്ന കോയമ്പത്തൂർ സ്വദേശിയായ സ്വതന്ത്രഖന്നയാണ് ഹർജി നൽകിയത്. വോട്ടുചെയ്യുന്നതിനായി നാട്ടിലെത്തിയ ഇയാളുടെയും ഭാര്യയുടെയും പേര് വോട്ടർപ്പട്ടികയിലുണ്ടായിരുന്നില്ല.
എന്നാൽ, മകളുടെ പേരുണ്ടായിരുന്നു. വോട്ടെടുപ്പിന് മുമ്പുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതരെ അറിയിച്ചിട്ടും വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
തന്നെക്കൂടാതെ മണ്ഡലത്തിലുള്ള ആയിരക്കണക്കിന് ആളുകളുടെ പേര് വോട്ടർപ്പട്ടികയിൽനിന്ന് അനധികൃതമായി നീക്കിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഇത്തരത്തിലുള്ള 60 പേരുടെ പട്ടിക ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്. തങ്ങൾക്കുവേണ്ടി പ്രത്യേകം വോട്ടെടുപ്പ് നടത്തണമെന്നും അതുവരെ കോയമ്പത്തൂരിലെ ഫലപ്രഖ്യാപനം നിർത്തിവെക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
കോയമ്പത്തൂരിലെ സ്ഥാനാർഥിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈയും വോട്ടർപ്പട്ടികയിൽനിന്ന് ഒട്ടേറെപ്പേരെ നീക്കിയെന്ന് ആരോപിച്ചിരുന്നു. ഒരു ലക്ഷംപേരെ നീക്കിയെന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം.