ചെന്നൈ : പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഡോക്ടർമാർ സർക്കാരാശുപത്രികളിൽ ജോലിചെയ്യാൻ വിമുഖത കാട്ടുന്നതിനെ ശാസിച്ച് മദ്രാസ് ഹൈക്കോടതി.
ഡോക്ടർമാരുടെ ഇത്തരം സമീപനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇത് പാവപ്പെട്ട രോഗികളോടുള്ള നീതിനിഷേധമാണെന്നു കുറ്റപ്പെടുത്തി.
സ്പെഷ്യലൈസ്ഡ് വിഷയങ്ങളിൽ പഠിക്കുന്ന ഡോക്ടർമാർക്കായി സർക്കാർ ധാരാളം പണം ചെലവഴിക്കുന്നു.
പഠനം പൂർത്തിയാക്കിയശേഷം അവർ സർക്കാരാശുപത്രികളിൽ ജോലിചെയ്യാൻ വിസമ്മതിക്കുന്നത് അവിടെ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവരുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കുന്ന നടപടിയാണ്.
ഡോക്ടർമാരുടെ ഇത്തരം മനോഭാവത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം വ്യക്തമാക്കി.
ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ്, ചെങ്കൽപ്പെട്ട് മെഡിക്കൽ കോളേജ്, മദ്രാസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രിയങ്ക, ഭരദ്ജി ബാബു, അംബിക എന്നീ ഡോക്ടർമാർ ജോലിവിടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.
മെഡിക്കൽ കോഴ്‌സിനു ചേരുമ്പോഴുള്ള കരാർ പ്രകാരം സർക്കാരാശുപത്രികളിൽ രണ്ടുവർഷം ജോലിചെയ്യണമെന്നത് നിർബന്ധമാണ്.
ഇതിൽ ഇളവനുവദിക്കാനാവില്ല. നിയമനോത്തരവ് പ്രകാരം സർക്കാരാശുപത്രികളിലെ രണ്ടുവർഷ കാലാവധി പൂർത്തിയാക്കേണ്ടത് ഡോക്ടർമാരുടെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി.