ചെന്നൈ : ബൈക്കിൽ യുവാവിനൊപ്പം പോകുന്നതിനിടെ യുവതി പെട്രോളൊഴിച്ച് തീകൊളുത്തി.
സാരമായി പൊള്ളലേറ്റ യുവാവിനും കാമുകിയും ചികിത്സയിലാണ്.
മയിലാടുതുറയിലെ വിചിത്രയാർ തെരുവിലാണ് സംഭവം.
കാമുകന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഈ കടുംകൈ ചെയ്തെന്ന് പോലീസ് പറയുന്നു.
കടലൂർ ജില്ലയിലെ ഭുവനഗിരി സ്വദേശിയായ എൻ. സിന്ധുജ(20)യും മയിലാടുതുറൈ സ്വദേശിയായ ആർ. ആകാശു(24)മാണ് പൊള്ളലേറ്റ് ആശുപത്രിയിലായത്.
മയിലാടുതുറൈ ഗവ. വിമൻസ് ആർട്സ് കോളേജിൽ രണ്ടാം വർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർഥിനിയാണ് സിന്ധുജ.
പൂംപുഹാർ കോളേജിൽ ബി.കോം. മൂന്നാംവർഷ വിദ്യാർഥിയാണ് ആകാശ്. ആകാശ് മറ്റൊരു പെൺകുട്ടിയുമായി ബന്ധത്തിലാണെന്ന സംശയത്തിൽ ഇരുവരും വഴക്കിട്ടിരുന്നു.
കഴിഞ്ഞദിവസം പൂംപുഹാർ ബീച്ചിൽനിന്ന് മയിലാടുതുറൈയിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടയിലാണ് സംഭവം.
ആകാശ് അറിയാതെ സിന്ധുജ ബാഗിൽ പെട്രോൾ കരുതിയിരുന്നു.
വിചിത്രയാർ തെരുവിന് സമീപം, ഗേൾസ് കോളേജ് ഹോസ്റ്റലിനടുത്തുവച്ച് പെട്രോൾകുപ്പി തുറന്ന് ഇരുവരുടെയും ദേഹത്തേക്കൊഴിച്ച് സിന്ധുജ തീകൊളുത്തി.
ശരീരത്തിൽ തീപടർന്ന് ഇരുവരും താഴെ വീണു. നാട്ടുകാർ മയിലാടുതുറൈ ജനറൽ ആശുപത്രിയിലെത്തിച്ചു.
തുടർചികിത്സയ്ക്കായി ഇവരെ തിരുവാരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിന്ധുജക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്.