ചെന്നൈ : ഈ വർഷം ആദ്യത്തെ നാലുമാസത്തിൽ തമിഴ്‌നാട്ടിൽ മരണാനന്തര അവയവദാനത്തിന് ലഭിച്ചത് 102 ശരീരങ്ങൾ. ഇവയിൽനിന്ന് ഇതുവരെ 324 പ്രധാന അവയവങ്ങളും 271 ശരീരകലകളും ഉപയോഗപ്പെടുത്തി.
സംസ്ഥാനത്ത് 2008-ൽ മരണാനന്തര അവയവദാന പദ്ധതി തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യൻ അറിയിച്ചു.
അവയവദാനത്തിനായി രൂപവത്കരിച്ച ട്രാൻസ്‌പ്ലാന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടി(ട്രാൻസ്റ്റാൻ)ന്റെ കണക്കനുസരിച്ച് 2023-ൽ 178 ശരീരങ്ങളാണ് ദാനംചെയ്തു കിട്ടിയത്.
അവയിൽനിന്ന് ആയിരത്തോളം അവയവങ്ങൾ ഉപയോഗിച്ചു. 2022-ൽ 156 ശരീരങ്ങളിൽനിന്നായി 878 അവയവദാനം നടന്നു.
മരണാനന്തര അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനുശേഷമാണ് അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായത്.
ഒരുമാസം രണ്ടായിരത്തിലേറെപ്പേരാണ് ഇപ്പോൾ അവയവദാനത്തിന് സമ്മതപത്രം നൽകുന്നത്. നേരത്തേ ഒരുമാസം ശരാശരി 100 സമ്മതപത്രം ലഭിച്ച സ്ഥാനത്താണിത്.