ചെന്നൈ : സംസ്ഥാനത്തെ എട്ടുജില്ലകളിൽ ഡെങ്കിപ്പനി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്.
സർക്കാർ-സ്വകാര്യ ആശുപത്രികളിലെ പനി ബാധിതരുടെ വിവരങ്ങൾ ദിവസവും കൃത്യമായി അറിയിക്കാൻ പൊതുജനാരോഗ്യ വിഭാഗം ജില്ലാ ആരോഗ്യ വകുപ്പ് മേധാവികൾക്കു നിർദേശം നൽകി.
മഞ്ഞപ്പിത്തം ഉൾപ്പെടെ ലക്ഷണങ്ങളോടെ ആശുപത്രികളിൽ കഴിയുന്ന രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണം.
പനിക്കുള്ള മരുന്നുകൾ, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവരെ സജ്ജമാക്കി നിർത്തണം.
വീടുതോറുമുള്ള പരിശോധന ശക്തിപ്പെടുത്താനും ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും നഗരങ്ങളിലും കൊതുക് നശീകരണ പ്രവർത്തനം ഊർജിതപ്പെടുത്തണം.
ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാനുളള പ്രവർത്തനങ്ങൾ, മരുന്നുകളുടെ ലഭ്യത, മെഡിക്കൽ ജീവനക്കാർക്കുളള പരിശീലനം, കൊതുക് നിയന്ത്രണം എന്നിവയെക്കുറിച്ച് ദിവസവും റിപ്പോർട്ടു നൽകാനും ആവശ്യപ്പെട്ടു.
കൊതുകുകൾ പെരുകുന്നത് തടയാൻ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാൻ പ്രത്യേക നിർദേശം നൽകി. ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടാനും ആവശ്യപ്പെട്ടു.
തിരുപ്പൂർ, കോയമ്പത്തൂർ, മധുര, തേനി, നാമക്കൽ, അരിയല്ലൂർ, തിരുവണ്ണാമലൈ, ദിണ്ടിഗൽ ജില്ലകളിലാണ് ഡെങ്കിപ്പനി വർധിച്ചു വരുന്നത്.
രോഗം ബാധിച്ച് സർക്കാർ-സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട്.
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി.
ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണമാവുന്നത്.