ചെന്നൈ : തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.
ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതൽ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.
ഇന്ന് മിന്നൽപ്രളയത്തിൽ അപകടമുണ്ടായ കുറ്റാലം വെള്ളച്ചാടത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
അതെസമയം കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 16കാരൻ മരിച്ചതായി പുതിയ റിപ്പോര്‍ട്ടുകൾ പറയുന്നു.
കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽപെട്ടു വിദ്യാർഥിയായ അശ്വിനെ കാണാതാവുകയായിരുന്നു.
തിരുനെൽവേലി സ്വദേശിയാണ് അശ്വിൻ. പാളയംകോട്ടൈയിലെ എൻജിഓ കോളനിയിൽ താമസക്കാരനാണ്.
ഏതാണ്ട് അഞ്ചരയോടെയാണ് അശ്വിന്റെ മൃതദേഹം ലഭിച്ചത്. വെള്ളച്ചാട്ടത്തിൽ നിന്ന് 500 മീറ്റർ അകലെയായിരുന്നു മൃതദേഹം കിടന്നിരുന്നത്.
കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്.
തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം തീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.
കഴിഞ്ഞദിവസങ്ങളില്‍ പശ്ചിമഘട്ടത്തിൽ മഴ പെയ്തതോടെ കുറ്റാലം വെള്ളച്ചാട്ടം കൂടുതൽ മനോഹരമായിരുന്നു.
ഈ വാർത്തയറിഞ്ഞ് കൂടുതലാളുകൾ കുറ്റാലത്തേക്ക് എത്തിച്ചേരാൻ തുടങ്ങി.
ഏതാണ്ട് രണ്ടരമണിയോടെയാണ് വെള്ളച്ചാട്ടത്തിലേക്ക് കൂടുതൽ വെള്ളം ഇരച്ചെത്തിയത്.