ചെന്നൈ: തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ പെയ്യുന്നതിനാൽ മെയ് 19 മുതൽ 21 വരെ തമിഴ്നാട്ടിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട്ടിൽ കനത്ത വേനൽമഴയാണ് ഉണ്ടാകുന്നത്. നീലഗിരി ജില്ലയിലെ കൂനൂരിലും കോയമ്പത്തൂർ ജില്ലയിലെ മേട്ടുപാളയത്തും ശനിയാഴ്ച 13 സെൻ്റീമീറ്റർ വീതം മഴ രേഖപ്പെടുത്തി.
ഞായറാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് തിരുണ്ണാമലൈ ജില്ലയിലെ ജമുനാമർദൂരിൽ ആയിരുന്നു. ഇവിടെ 12 സെൻ്റീമീറ്ററും കന്യാകുമാരി ജില്ലയിലെ പാച്ചിപ്പാറയിൽ 10 സെൻ്റീമീറ്ററും തിരുപ്പത്തൂർ ജില്ലയിലെ വടപുതുപട്ടിലും ആമ്പൂരിലും 9 സെൻ്റീമീറ്റർ വീതമാണ് മഴ ലഭിച്ചത്.
തെക്കൻ ആൻഡമാൻ കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങൾ, നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിനിടെ, 22ന് തമിഴ്നാടിന് സമീപം പുതിയ ന്യൂനമർദം രൂപപ്പെടുമെന്നും ഇത് ന്യൂനമർദ മേഖലയായി കൂടുതൽ ശക്തിപ്പെടുകയും തമിഴ്നാട്ടിൽ നിന്ന് അകന്നുപോകുമെന്നും അറിയിപ്പുണ്ട്.